കണ്ണൂർ സിപിഎമ്മിൽ ‘മക്കൾ വിവാദം’
Tuesday, August 19, 2025 2:04 AM IST
റെനീഷ് മാത്യു
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം അവശേഷിക്കവേ സിപിഎം നേതാക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾക്കു പിന്നാലെ മക്കളും ആരോപണമുനയിൽ. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണ് കണ്ണൂരിലെ നേതാക്കളുടെ മക്കൾക്കെതിരേയും ആരോപണം ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ മക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേ ആരോപണം ഉയർന്നപ്പോൾ പ്രതിരോധിക്കാൻ നേതാക്കളുണ്ടെങ്കിൽ മറ്റുള്ളവരുടെ മക്കൾ വിവാദത്തിൽപ്പെടുന്പോൾ ന്യായീകരിക്കാൻ നേതാക്കളില്ല.
ഏറ്റവും ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. മകൻ ശ്യാംജിത്തിനെതിരേയാണു വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. തലശേരി പെരിങ്ങാടി സ്വദേശിയായ വ്യവസായി ബി. ഷർഷാദാണ് ആരോപണം ഉന്നയിച്ചിരുന്നത്.
താൻ പോളിറ്റ് ബ്യൂറോയ്ക്കു നല്കിയ പരാതി ചോർത്തി എന്നതിനു പുറമേ സിപിഎം നേതാക്കളുമായി സാന്പത്തിക ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന പാർട്ടി അംഗം രാജേഷ് കൃഷ്ണയുമായി ശ്യാംജിത്തിനു സാന്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് ആരോപണം.
രാജേഷിനെതിരേ ഷർഷാദ് നല്കിയ പരാതിയാണു പുറത്തായത്. പരാതി ലഭിച്ചതിനെ തുടർന്ന് രാജേഷ് കൃഷ്ണയെ മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സിപിഎം ദേശീയ നേതൃത്വം സമ്മതിച്ചിരുന്നില്ല.
സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജയിൻ രാജിനെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിലും സിപിഎം ജില്ലാ കമ്മിറ്റിയംഗം മനു തോമസും ആരോപണം ഉന്നയിച്ചിരുന്നു. ജയിൻ രാജിനു സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മനു തോമസിന്റെ ആരോപണം.
കള്ളക്കടത്തിലൂടെ കൊട്ടാരസദൃശമായ രമ്യഹർമം നിർമിച്ചെന്നായിരുന്നു രാഹുൽ മാക്കൂട്ടത്തലിന്റെ ആരോപണം. മകനെതിരേയുള്ള മനു തോമസിന്റെ ആരോപണത്തിൽ പി.ജയരാജൻ ഫേസ്ബുക്കിലൂടെ നല്കിയ മറുപടി സിപിഎമ്മിലും വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ പി.കെ. ശ്രീമതിയുടെ മകൻ സുധീർ നന്പ്യാരെ പൊതുമേഖലാസ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ച സംഭവം വിവാദമായിരുന്നു. ഇ.പി. ജയരാജൻ വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് ഈ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥർ ചുമതല വഹിച്ചിരുന്ന പദവിയായിരുന്നു ഇതിന്റെ എംഡിസ്ഥാനം.
നിയമനം വിവാദമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഉത്തരവ് പിൻവലിക്കുകയും ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജനു മന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നിരുന്നു. പി.കെ.ശ്രീമതി മന്ത്രിയായിരുന്നപ്പോൾ മകന്റെ ഭാര്യ ധന്യയെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതും വിവാദമായിരുന്നു.
സ്വന്തം വിവാദത്തിൽ ഉള്പ്പെട്ടതിനു പുറമേ മക്കളെയും വിവാദത്തിൽ ഉൾപ്പെടുത്തിയ നേതാവാണ് ഇ.പി. ജയരാജൻ. ജയരാജന്റെ മകൻ ജയ്സൺ രാജ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്തായിരുന്നു എന്നായിരുന്നു ഒരാരോപണം.
ലൈഫ് മിഷൻ പദ്ധതിയുടെ ഇടനിലക്കാരനായി പ്രവൃത്തിച്ച് സാന്പത്തിക തട്ടിപ്പ് തടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. ജയ്സന്റെ പേരിൽ ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പുക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നിരുന്നു.
ഇ.പി. ജയരാജന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടതായിരുന്നു മറ്റൊരു മകൻ ജിജിത്ത് രാജ് വിവാദത്തിലായത്. ജിജിത്തിന്റെ ഫോണിലൂടെയാണ് ഇ.പി. ജയരാജൻ തന്നെ ബന്ധപ്പെട്ടതെന്നായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയത്.
സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു മക്കളുടെ വിവാദം. ബിനീഷിനെതിരേ മയക്കുമരുന്ന് കച്ചവടാരോപണം ഉയർന്നപ്പോൾ മറ്റൊരു മകൻ ബിനോയിക്കെതിരേ ദുബായിലെ സാന്പത്തികതട്ടിപ്പും പീഡനകേസുമാണ് ഉയർന്നുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേയും ആരോപണം ഉയർന്നിട്ടുണ്ട്. കരിമണൽ സ്വകാര്യ കന്പിനിയായ സിഎംആർഎല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് ഉയർന്ന ആരോപണം. ഇതിനെതിരേ എസ്എഫ്ഐഒ കുറ്റപത്രവും സമർപ്പിച്ചു കഴിഞ്ഞു.