കൂട്ടംതെറ്റി കുട്ടിയാന എത്തിയത് സ്കൂളിൽ
Tuesday, August 19, 2025 2:54 AM IST
പുൽപ്പള്ളി: കൂട്ടംതെറ്റി കുട്ടിയാന എത്തിയത് പുൽപ്പള്ളിക്കടുത്ത് ചേകാടി ഗവ. എൽപി സ്കൂളിൽ. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു വനാതിർത്തിയോടു ചേർന്ന കൃഷിയിടത്തിൽനിന്നും കാട്ടാനക്കുട്ടി സ്കൂൾ മുറ്റത്ത് എത്തിയത്.
വിദ്യാർഥികൾ ഭക്ഷണം കഴിച്ച് ക്ലാസിൽ കയറിയ സമയത്തായിരുന്നു ആനക്കുട്ടി സ്കൂൾ മുറ്റത്ത് എത്തിയത്. തുടർന്ന് അധ്യാപകർ ക്ലാസ് മുറികൾ അടച്ചിട്ടു. കുട്ടികൾ ആനക്കുട്ടിയെ കൗതുകത്തോടെയാണ് വരവേറ്റത്. ഒരു മണിക്കൂറോളം സ്കൂൾ മുറ്റത്തും വരാന്തയിലും ഓടിക്കളിച്ച കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണു മാറ്റിയത്.
ഇന്നലെ പുലർച്ചെ വനാതിർത്തിയിൽ കൂട്ടംതെറ്റി ട്രഞ്ചിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയെ ഉൾവനത്തിൽ വിട്ടെങ്കിലും വീണ്ടും ആനക്കുട്ടി ജനവാസ മേഖലയിലേക്കെത്തുകയായിരുന്നു. സ്കൂളിലിറങ്ങിയ കാട്ടാനക്കുട്ടിയെ വനത്തിലെ തള്ളയാനയടങ്ങിയ കൂട്ടത്തിലേക്കെത്തിച്ചു.
സ്കൂൾ മുറ്റത്ത് എത്തിയ കാട്ടാനക്കുട്ടിയെ നാട്ടുകാർ തുരത്താൻ ശ്രമിച്ചെങ്കിലും സ്കൂൾ പരിസരത്ത് ഓടിക്കളിക്കുകയായിരുന്നു. സ്കൂൾ പരിസരത്ത് കാട്ടാനക്കുട്ടിയെത്തിയത് നാട്ടുകാർക്കു കൗതുക കാഴ്ചയായിരുന്നെങ്കിലും അധ്യാപകർക്ക് ആശങ്കയുടെ മണിക്കൂറുകളായിരുന്നു.