സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം
Tuesday, August 19, 2025 2:04 AM IST
തിരുവനന്തപുരം: രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.
തൈക്കാട് റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഫോറം പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ, എം.പിമാരായ അടൂർ പ്രകാശ്, ഡോ. ശശി തരൂർ തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ രാജ്യസഭാ എംപിയുമായ എം.പി. അച്യുതൻ പതാക ഉയർത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും
സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷൻ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് പ്രസ് ക്ലബിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ് അധ്യക്ഷത വഹിക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാളെ വൈകുന്നേരം 5.30ന് ദേശീയ മാധ്യമ സെമിനാറും 21 ന് രാവിലെ 11 ന് പ്രതിനിധി സമ്മേളനവും നടക്കുമെന്ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സ്വാഗതസംഘം ചെയർമാൻ ജോണ് മുണ്ടക്കയം, ജനറൽ കണ്വീനർ കരിയം രവി, എസ്ജെഎഫ്കെ ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, വൈസ് പ്രസിഡന്റ് ടി. ശശിമോഹൻ എന്നിവർ അറിയിച്ചു.