വിപണിക്ക് തിളക്കം
Tuesday, August 19, 2025 12:12 AM IST
മുംബൈ: ഇന്ത്യയുടെ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ കുതിച്ചു. ഓട്ടോ, കണ്‍സ്യൂമർ ഡൂറബിൾസ് എന്നിവയുടെ ഓഹരികളിൽ വൻതോതിൽ വാങ്ങലുകൾ ഉയർന്നതാണ് കുതിപ്പിനു കാരണമായത്.
കൂടാതെ ദീപാവലിയോടെ ചരക്കു സേവന നികുതിയിൽ വൻ പരിഷ്കാരങ്ങൾ വരുത്തമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനവും നിക്ഷേപകരിൽ വാങ്ങൽ പ്രവണത ഉയർത്തി.
സെൻസെക്സ് 676.09 പോയിന്റ് (0.84%) ഉയർന്ന് 81,273.75ൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെ വ്യാപാരത്തിനിടെ 1168 പോയിന്റ്് (1.44%) വരെ സെൻസെക്സ് മുന്നേറിയിരുന്നു.
നിഫ്റ്റി 245.65 പോയിന്റ് (1%) നേട്ടത്തിൽ 24,876.95ൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ ഡേ വ്യാപാരത്തിൽ നിഫ്റ്റി 390.7 പോയിന്റ് (1.58%) ഉയർന്ന് 25,022 വരെയെത്തി. വിശാല സൂചികകളിൽ ബിഎസ്ഇ മിഡ്കാപ് ഒരു ശതമാനവും സ്മോൾകാപ് 1.39 ശതമാനവും ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ മൊത്തം വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 445 ലക്ഷം കോടി രൂപയിൽനിന്ന് 451 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ നിക്ഷേപർ ഇന്നലെ ആറു ലക്ഷം കോടി രൂപ സന്പാദിച്ചു.
മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ട്രെന്റ്, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോ കോർപ് എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയവയിൽ മുൻപന്തിയിൽ.
നിഫ്റ്റി മേഖല സൂചികകളിൽ ഓട്ടോമൊബൈൽസ്, കണ്‍സ്യൂമർ ഡൂറബിൾസ്, റിയൽറ്റി ഓഹരികൾ വൻ നേട്ടമാണുണ്ടാക്കിയത്. ഓട്ടോ 4.18 ശതമാനവും കണ്‍സ്യൂമർ ഡൂറബിൾസ് 3.38 ശതമാനവും റിയൽറ്റി 2.17 ശതമാനവും മുന്നേറി.
രൂപയും നേട്ടത്തിൽ
ഓഹരി സൂചികകൾ ഉയർന്നതിനൊപ്പം രൂപയും ഇന്നലെ മികച്ചവിലെത്തി. ഡോളറിനെതിരേ രൂപ 23 പൈസ ഉയർന്ന് 87.36ലെത്തി. ജിഎസ്ടിയിൽ പരിഷ്കാരങ്ങൾ വരുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് രൂപയ്ക്കു കരുത്തായതെന്ന് വിനിമയ വിദഗ്ധർ വ്യക്തമാക്കി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ ഡോളറിനെതിരേ രൂപ 87.46ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ രൂപ 87.48ലേക്ക് താഴുകയും 87.33ലേക്ക് ഉയരുകയും ചെയ്തു. അവസാനം മുൻ സെഷനിലെ ക്ലോസിംഗിനേക്കാൾ 23 പൈസ നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വ്യാഴാഴ്ച 12 പൈസ നഷ്ടത്തിൽ 87.59ലാണ്് വ്യാപാരം അവസാനിപ്പിച്ചത്.