ക്രിമിയ, നാറ്റോ മോഹങ്ങൾ യുക്രെയ്ൻ ഉപേക്ഷിക്കണം: ട്രംപ്
Monday, August 18, 2025 11:50 PM IST
വാഷിംഗ്ടൺ ഡിസി: ക്രിമിയൻ പ്രദേശം റഷ്യയിൽനിന്നു തിരിച്ചു കിട്ടണമെന്നും പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിൽ അംഗമാകണമെന്നുമുള്ള മോഹങ്ങൾ യുക്രെയ്ൻ ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്ന യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്പായിട്ടാണ് ട്രംപ് ഈ സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ നിർദേശിച്ച മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. യുക്രെയ്ന്റെ ഭൂമി വിട്ടുകിട്ടണമെന്നതാണ് പുടിന്റെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കില്ലെന്നാണ് സെലൻസ്കി ഇതുവരെ സ്വീകരിച്ച നിലപാട്.
ട്രംപ്-സെലൻസ്കി കൂടിക്കാഴ്ചയാണ് ആദ്യം നടക്കുക. തുടർന്ന് ട്രംപ് യൂറോപ്യൻ നേതാക്കളെ കാണും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്ൻ, നാറ്റോ മേധാവി മാർക്ക് റട്ടെ തുടങ്ങിയവരാണ് സെലൻസ്കിക്കു പിന്തുണ പ്രഖ്യാപിച്ച് വാഷിംഗ്ടൺ ഡിസിയിലെത്തിയത്.
യുദ്ധാനന്തര യുക്രെയ്നു സുരക്ഷാ ഉറപ്പുകളെങ്കിലും ട്രംപിൽനിന്നു നേടിയെടുക്കാൻ കഴിയണമെന്നാണ് യൂറോപ്യൻ നേതാക്കളുടെ ആഗ്രഹം. സുരക്ഷാ ഉറപ്പുകളുടെ കാര്യത്തിൽ ട്രംപിന് അനുകൂല മനോഭാവമാണ്. അലാസ്ക ഉച്ചകോടിയിൽ പുടിനും ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.
സമ്മർദം വർധിപ്പിക്കണം
ടോക്കിയോ: യുക്രെയ്നിൽ ദീർഘകാല സമാധാനം ഉറപ്പാക്കണമെങ്കിൽ റഷ്യക്കുമേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വാഡെഫുൽ.
യുദ്ധം അവസാനിച്ചാലും സ്വയം പ്രതിരോധിക്കാനായി യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നും ജപ്പാൻ സന്ദർശിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.