ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചു
Tuesday, August 19, 2025 2:54 AM IST
കയ്റോ: ഹമാസ് ഭീകരർ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചതായി റിപ്പോർട്ട്. രണ്ടു ഘട്ടമായി 60 ദിവസത്തേക്കു താത്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള നിർദേശമാണ് അംഗീകരിക്കപ്പെട്ടത്.
പദ്ധതി പ്രകാരം ഹമാസിന്റെ കസ്റ്റഡിയിലുള്ള 50 ഇസ്രേലി ബന്ദികളിൽ (ഇതിൽ ഇരുപതോളം പേരെ ഇപ്പോൾ ജീവനോടെയുള്ളൂ എന്നാണ് അനുമാനം) പകുതിപ്പേരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിക്കും. സ്ഥിരം വെടിനിർത്തലിനും ഇസ്രേലി സേനയുടെ പിന്മാറ്റത്തിനുമായുള്ള ചർച്ചകൾ ഇക്കാലയളവിൽ നടക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച നിർദേശങ്ങൾപ്രകാരം ഖത്തറും ഈജിപ്തുമാണു പുതിയ വെടിനിർത്തൽ പദ്ധതി അവതരിപ്പിച്ചത്. ഇസ്രയേൽ ഈ പദ്ധതി അംഗീകരിച്ചോ എന്നതിൽ വ്യക്തതയില്ല.
ബന്ദിമോചനത്തിനായി ഹമാസുമായി വെടിനിർത്തലുണ്ടാക്കാൻ ഇസ്രയേലിലെ നെതന്യാഹു സർക്കാരിനുമേൽ ശക്തമായ സമ്മർദമുണ്ട്. ഇസ്രേലി ജനത അതിശക്തമായ പ്രക്ഷോഭങ്ങളാണു നടത്തുന്നത്.
ഗാസയിൽ ആക്രമണം കടുപ്പിക്കാനും പ്രധാന നഗരമായ ഗാസാ സിറ്റി ഏറ്റെടുക്കുമാനുമായി ഇസ്രേലി സേന മുന്നോട്ടുവച്ച പദ്ധതിക്കു വരുംദിവസങ്ങളിൽ സർക്കാർ അംഗീകാരം നല്കും.
കഴിഞ്ഞമാസം ഹമാസുമായി നടത്തിയ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രധാനമന്ത്രി നെതന്യാഹു ഗാസ സിറ്റി ഇസ്രേലി നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചത്.
22 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിച്ചാലേ മുഴുവൻ ബന്ദികളെയും മോചിപ്പിക്കൂ എന്നാണ് ഹമാസ് പറഞ്ഞിട്ടുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ബന്ദികളെ മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹുവും പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം ഇന്നലെ 62,000 പിന്നിട്ടു.