ദക്ഷിണകൊറിയയിൽ മുൻ പ്രസിഡന്റിന്റെ ഭാര്യയും അറസ്റ്റിൽ
Thursday, August 14, 2025 4:11 AM IST
സീയൂൾ: ജയിലിൽ കഴിയുന്ന മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിന്റെ ഭാര്യ കിം കിയോൺ ഹീ (52) കൈക്കൂലി, തിരിമറി കുറ്റങ്ങൾക്ക് അറസ്റ്റിലായി.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ജയിലിലടച്ചു.
മുൻ പ്രസിഡന്റുമാർ ജയിലിലാകുന്നത് പതിവു സംഭവമായ ദക്ഷിണകൊറിയയിൽ മുൻ പ്രസിഡന്റിന്റെ ഭാര്യ അറസ്റ്റിലാവുന്നത് ഇതാദ്യമാണ്.
ചില കന്പനികളുടെ ഓഹരിവില നിയന്ത്രിക്കാൻ ശ്രമിച്ചു, മറ്റു ചിലരിൽനിന്നു കൈക്കൂലി വാങ്ങി തുടങ്ങിയ കുറ്റങ്ങളാണ് കിമ്മിനെതിരേ ചുമത്തിയിരിക്കുന്നത്. ഭർത്താവ് യൂൺ പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മുന്പാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത്. കിമ്മിനെതിരേ പ്രത്യേക അന്വേഷണം നടത്താൻ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലുകൾ യൂൺ മൂന്നു വട്ടം വീറ്റോ ചെയ്തിരുന്നു.