പലസ്തീൻ ആക്ഷൻ സംഘടന നിരോധിച്ചതിനെതിരേ പ്രതിഷേധം; 466 പേർ അറസ്റ്റിൽ
Monday, August 11, 2025 1:45 AM IST
ലണ്ടൻ: പലസ്തീൻ ആക്ഷൻ എന്ന സംഘടനയെ നിരോധിച്ച ബ്രിട്ടീഷ് സർക്കാർ തീരുമാനത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച 466 പേർ അറസ്റ്റിൽ. ശനിയാഴ്ച ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
അഞ്ചു പേർക്കെതിരേ പോലീസിനെ ആക്രമിച്ചെന്ന കുറ്റവും ചുമത്തി. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്ന് പോലീസ് പറഞ്ഞു.
ഗാസ യുദ്ധത്തിൽ ബ്രിട്ടീഷ് സർക്കാരിനു പങ്കുണ്ടെന്നാരോപിച്ച് പലസ്തീൻ ആക്ഷൻ പ്രവർത്തകർ ജൂലൈയിൽ വ്യോമസേനാ താവളത്തിൽ അതിക്രമിച്ചുകയറി വിമാനങ്ങൾക്കു കേടുപാടു വരുത്താൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നലാെയാണ് ബ്രിട്ടീഷ് പാർലമെന്റ് ഭീകരവിരുദ്ധ നിയമപ്രകാരം സംഘടനയെ നിരോധിച്ചത്. സംഘടനയിൽ അംഗമായാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം.