ട്രംപിന്റെ പിൻഗാമി വാൻസ്
Wednesday, August 6, 2025 11:50 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസായിരിക്കും തന്റെ പിൻഗാമിയെന്ന് പ്രസിഡന്റ് ട്രംപ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും പരിഗണനയുണ്ടെന്നും ട്രംപ് പറഞ്ഞു.
ട്രംപിനെ പിന്തുണയ്ക്കുന്ന ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ)’ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടുത്ത നേതാവ് ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്കുകയായിരുന്നു അദ്ദേഹം.
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വാൻസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുമെന്ന സൂചന ഇതോടെ ശക്തമായി.
നാല്പതുകാരനായ വാൻസ് മുൻ മറീൻ സൈനികനും ഒഹായോയിൽനിന്നുള്ള സെനറ്ററുമായിരുന്നു. ട്രംപിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിനു ഭരണകൂടത്തിൽ ശക്തമായ സ്വാധീനമുണ്ട്.
ട്രംപിന്റെ വൈസ് പ്രസിഡന്റാകാൻ വാൻസും റൂബിയോയും മത്സരിച്ചിരുന്നു. പ്രസിഡന്റ് പദവി മോഹിക്കുന്നില്ലെന്നു റൂബിയോ അടുത്തിടെ അഭിമുഖത്തിൽ പറയുകയുണ്ടായി.