മാറ്റമില്ലാതെ റിപ്പോ നിരക്ക്
Wednesday, August 6, 2025 11:50 PM IST
മുംബൈ: അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ മാറ്റമില്ലാതെ നിലനിർത്തുന്നതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചതായി ആർ ബിഐ അറിയിച്ചു. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം.
ഇന്നു മുതൽ യുഎസിലേക്ക് ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം, കൂടാതെ റഷ്യയിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നാൽ അധിക പിഴ ചുമത്തുമെന്ന ഭീഷണി എന്നിവ നിലനിൽക്കുകയാണ്. ഇതേത്തുടർന്ന് വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐ എംപിസി യോഗം ചേർന്നത്.
ട്രംപിന്റെ തീരുവകൾക്കും ആഗോള വ്യാപാര ആശങ്കകൾക്കുമിടയിൽ ആർബിഐ 2025-26 സാന്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, ഈ സാന്പത്തികവർഷം കണക്കാക്കിയിരുന്ന ചില്ലറ പണപ്പെരുപ്പനിരക്ക് 3.7 ശതമാനത്തിൽനിന്ന് 3.1 ശതമാനമായി കുറച്ചു.
ആദ്യ പാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% എന്നിങ്ങനെയാണ് ത്രൈമാസ വളർച്ച പ്രതീക്ഷിക്കുന്നത്. 2026-27 ലെ ഒന്നാം പാദത്തിൽ വളർച്ച 6.6% ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.