കാപ്ജെമിനി പുതിയ നിയമനങ്ങൾ നടത്തും
Sunday, August 3, 2025 12:07 AM IST
ബംഗളൂരു: ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ നിയമനങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, ഈ വർഷം 40,000 മുതൽ 45,000 വരെ ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതികൾ കാപ്ജെമിനി ഇന്ത്യ പ്രഖ്യാപിച്ചു.
ഇന്ത്യയിലെ പ്രമുഖ ഐടി കന്പനിയായ ടാറ്റ കണ്‍സണ്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഈ വർഷം 12,000 പേരെ ബാധിക്കുന്ന പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ ഐടി മേഖല ആശങ്കയിലാണ്.
ഇൻഫോസിസ് ഈ വർഷം 20,000 പേർക്ക് തൊഴിൽ നല്‍കുമെന്ന്് അറിയിച്ചശേഷം ഈ പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തെ ഐടി കന്പനിയാണ് കാപ്ജെമിനി. ഐടി സേവനങ്ങളും കണ്‍സൾട്ടിംഗും നടത്തുന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കന്പനിയാണ് കാപ്ജെമിനി.
കാപ്ജെമിനി ഇന്ത്യ നടത്തുന്ന നിയമനങ്ങളിൽ 35 മുതൽ 40 ശതമാനം ലാറ്ററൽ നിയമനങ്ങളും ഉൾപ്പെടുമെന്ന് കാപ്ജെമിനി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വിൻ യാർഡി പറഞ്ഞു.
ഇന്ത്യയിൽ ഏകദേശം 1.75 ലക്ഷം ജീവനക്കാരാണ് കന്പനിക്കുള്ളതെന്നും ഇന്ത്യയിലേക്കുള്ള ജോലികളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്താനും അവസരങ്ങൾക്കുമാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നത്. ഇത് ഇന്ത്യയിൽ കൂടുതൽ ബിസിനസിനു കാരണമാകുന്നുണ്ടെന്നും അശ്വിൻ യാർഡി പറഞ്ഞു. ജോലികളിലുണ്ടാകുന്ന വർധനവ് മൊത്തത്തിലുള്ള വരുമാന വളർച്ചയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്‍പതിലധികം കോളജുകളുമായും കാന്പസുകളുമായും കന്പനിക്കു കരാറുകളുണ്ടെന്നും ഈ സീസണിലേക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമനങ്ങൾക്ക് എഐയിൽ മുൻകൂട്ടി പരിശീലനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. വികസിച്ചുകൊണ്ടിരിക്കുന്ന എഐ സാഹചര്യങ്ങളിൽ ഈ തയാറെടുപ്പുകൾ പ്രസക്തമാണ്.
കഴിഞ്ഞമാസം കാപ്ജെമിനി, ബിസിനസ് പ്രോസസ് ഒൗട്ട്സോഴ്സിംഗ് (ബിപിഒ) സ്ഥാപനമായ ഡബ്ല്യുഎൻഎസിനെ 3.3 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. നൂതന, ഓട്ടോമേറ്റഡ് സേവനങ്ങൾക്കായുള്ള വർധിച്ചവരുന്ന എന്റർപ്രൈസ് ആവശ്യം നിറവേറ്റുന്നതിനായി ശക്തി സംയോജിപ്പിക്കുകയെന്നതാണ് ഈ തന്ത്രപരമായ ഏറ്റെടുക്കലിന്റെ ലക്ഷ്യം.
ജീവനക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഫ്രഞ്ച് കന്പനിയുടെ ഏറ്റവും വലിയ ഏറ്റെടുക്കലാകുമിനിത്. നിലവിൽ കന്പനി ഏറ്റെടുക്കലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. അടുത്ത ആറു മാസത്തിനുള്ളിൽ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.