ട്രൈബറിന്റെ പുതിയ മുഖം
Friday, August 1, 2025 11:19 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഫ്രഞ്ച് വാഹന നിർമാതാക്കളായ റിനോ ആറ് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ഒന്നാം തലമുറ ‘റിനോ ട്രൈബർ’ എംപിവി(മൾട്ടി പർപ്പസ് വെഹിക്കിൾ)യെ മുഖംമിനുക്കി എത്തിച്ചിരിക്കുകയാണ്. 2019ലാണ് റിനോ കുറഞ്ഞ വിലയിൽ 7സീറ്റർ എംപിവി ‘ട്രൈബർ’ പുറത്തിറക്കുന്നത്.
ഒരു ഫാമിലി കാർ എന്ന നിലയിൽ വാഹനം ശ്രദ്ധനേടിയെങ്കിലും കന്പനി പുതിയ അപ്ഡേറ്റുകൾ നൽകിയിരുന്നില്ല. നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന 7 സീറ്റർ എംപിവികളിൽ ഒന്നാണ് റിനോ ട്രൈബർ.
മുഖംമിനുക്കിയിട്ടും ആരെയും കൊതിപ്പിക്കുന്ന വിലയിലാണ് ട്രൈബർ ഫെയ്സ്ലിഫ്റ്റ് വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനം ഓതന്റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ നാല് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 6.30 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന വാഹനത്തിന്റെ ടോപ്പ് വേരിയന്റിന് 9.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ആംബർ ടെറാക്കോട്ട, ഷാഡോ ഗ്രേ, ഐസ് കൂൾ വൈറ്റ്, സാൻസ്കർ ബ്ലൂ, മൂണ്‍ലൈറ്റ് സിൽവർ, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ പുതിയ ട്രൈബർ ലഭിക്കും. റിനോ തങ്ങളുടെ പുതിയ ഡയമണ്ട് ആകൃതിയിലുള്ള ലോഗോ ആദ്യമായി ട്രൈബറിൽ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും വാഹനത്തിനുണ്ട്.
മാറ്റങ്ങൾ
പുതിയ കറുത്ത നിറത്തിലുള്ള തിളക്കമുള്ള ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഡിആർഎല്ലോടു കൂടിയ ഹെഡ്ലാന്പുകൾ, സ്മോക്ഡ് എൽഇഡി ടെയിൽ ലാന്പ്, ടെയിൽ ലാന്പിന്റെ നടുവിലായി കറുത്ത സ്ട്രിപ്പ്, ഹാലോജൻ ഇൻഡിക്കേറ്റർ എന്നിവ വാഹനത്തിന് പുതുമ കൊണ്ടുവന്നിട്ടുണ്ട്. സ്റ്റീൽ വീലുകൾ, ഡ്യുവൽ ടോണ്‍ അലോയ് വീലുകൾ, വീൽ ആർച്ച് ക്ലാഡിംഗ്, കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, ഡോർ ഡെക്കലുകൾ, ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎമ്മുകൾ, 50 കിലോഗ്രാം ഭാരം വഹിക്കുന്ന റൂഫ് റെയിലുകൾ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ റിനോ ട്രൈബറിനുണ്ട്.
പിന്നിൽ ഡീഫോഗർ, വൈപ്പർ, ഹൈമൗണ്ടഡ് ബ്രേക്ക് ലൈറ്റ്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ എന്നിവയുമുണ്ട്. ടോപ്പ് വേരിയന്റിൽ സ്പെയർ വീൽ കാറിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ട്രൈബറിന് 3,990 എംഎം നീളവും 1,739 എംഎം വീതിയും 1,643 എംഎം ഉയരവുമുണ്ട്. വീൽബേസ് 2,636 എംഎംമാണ്. നീളമുള്ള വീൽബേസ് കാറിനെ ഉയർന്ന വേഗതയിൽ കൂടുതൽ സ്ഥിരതയുള്ളതാക്കുകയും പിൻസീറ്റിൽ മികച്ച ലെഗ്റൂം നൽകുകയും ചെയ്യുന്നു. 40 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും 625 ലിറ്റർ ബൂട്ട് സ്പേസുമാണുള്ളത്. 182 എംഎംമാണ് ഗ്രൗണ്ട് ക്ലിയറൻസ്.
സുരക്ഷ
വാഹനത്തിന്റെ ഇന്റീരിയറിന് ഡ്യുവൽ ടോണ്‍ ഫിനിഷ് നൽകിയിട്ടുണ്ട്. 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിമോട്ട് കീലെസ് എൻട്രി, വയർലെസ് ചാർജർ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാർട്ട് സ്റ്റോപ്പ് എന്നിവയാണ് ഫീച്ചറുകൾ.
സുരക്ഷയ്ക്കായി പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി കാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എബിഎസ്, ഇബിഡി, ട്രാക്ഷൻ കണ്ട്രോൾ, മഴ സെൻസർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ വാഹനത്തിലുണ്ട്. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
കരുത്ത്
നിലവിലുള്ള മോഡലിലുള്ള അതേ പവർട്രെയിൻ തന്നെയാണ് റിനോ ട്രൈബർ ഫെയ്സ്ലിഫ്റ്റിനും. അതായത് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടർ പെട്രോൾ എൻജിനാണ് തുടിപ്പേകുന്നത്. ഈ എൻജിൻ 72 പിഎസ് പവറും 96 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം റിട്രോഫിറ്റഡ് സിഎൻജി എൻജിൻ ഓപ്ഷനും ലഭ്യമാണ്.
റിനോ ട്രൈബറിന് 20 കിലോമീറ്റർ മൈലേജാണ് കന്പനി അവകാശപ്പെടുന്നത്. മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി എക്സ്എൽ 6, കിയ കാരെൻസ് തുടങ്ങിയവരാണ് വിപണിയിലെ എതിരാളികൾ.