കരുത്ത് നഷ്ടപ്പെട്ടു വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, July 28, 2025 1:23 AM IST
ഇന്ത്യൻ ഇൻഡക്സുകൾക്ക് തളർച്ച, തുടർച്ചയായ നാലാം വാരത്തിലും കരുത്ത് തിരിച്ചുപിടിക്കാൻ വിപണിക്കായില്ല. മുൻവാരം വ്യക്തമാക്കിയതാണ്, സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിലേക്ക് മുഖംതിരിച്ചത് തിരുത്തലിന് ഇടയാക്കുമെന്ന്. വിദേശ ഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വിൽപ്പനയിൽ ശ്രദ്ധയൂന്നിയത് തളർച്ചയ്ക്ക് ആക്കം കൂട്ടി.
സെൻസെക്സ് 295 പോയിന്റും നിഫ്റ്റി സൂചിക 131 പോയിന്റും താഴ്ന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ആദ്യമായാണു വിപണി തുടർച്ചയായ നാലാഴ്ച്ചകളിൽ തിരിച്ചടിയെ അഭിമുഖീകരിക്കുന്നത്. ഇന്ത്യ – ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കൽ വിപണിയെ വൻതോതിൽ സ്വാധീനിച്ചു, ഒരവസരത്തിൽ കുതിച്ചു കയറിയ ഓഹരി സൂചിക പിന്നീട് അതേ വേഗതയിൽ തിരിച്ചിറങ്ങുകയും ചെയ്തു.
സപ്പോർട്ട് നഷ്ടമായി നിഫ്റ്റി
നിഫ്റ്റി സൂചികയ്ക്ക് പിന്നിട്ട മൂന്നാഴ്ചകളിൽ സൂചിപ്പിച്ച 24,916 പോയിന്റിലെ നിർണായക സപ്പോർട്ട് വെള്ളിയാഴ്ച നഷ്ടമായി. കഴിഞ്ഞ രണ്ടാഴ്ചകളിൽ സൂചന നൽകിതാണ് ഈ സപ്പോർട്ടിൽ വിപണിക്ക് കാലിടറിയാൽ ഡെയ്ലി ചാർട്ട് ഡാമേജ് സംഭവിക്കുമെന്നത്. മുൻവാരത്തിലെ 24,968 പോയിന്റിൽനിന്നും വാരമധ്യം സൂചിക ഒരുഘട്ടത്തിൽ 25,234 വരെ എത്തി. എന്നാൽ. തൊട്ടു മുൻ ആഴ്ചയിലെ 24,255ലേക്ക് ഉയരാനുമായില്ല. ഇതിനിടയിൽ ഉടലെടുത്ത വിൽപ്പന സമ്മർദത്തിൽ നിഫ്റ്റിക്ക് 25,000ലെ സപ്പോർട്ട് നഷ്ടപ്പെട്ട് 24,806ലേക്ക് ഇടിഞ്ഞു.
താഴ്ന്ന റേഞ്ചിൽനിന്നും നിഫ്റ്റി തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 24,841നു നാലു പോയിന്റ് വ്യത്യാസത്തിൽ 24,837ൽ മാർക്കറ്റ് ക്ലോസിംഗ് നടന്നു. ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ നിഫ്റ്റിക്ക് 24,684 പോയിന്റിൽ ആദ്യ സപ്പോർട്ട്, ഇത് നഷ്ടപ്പെട്ടാൽ 24,531ലേക്ക് സൂചികയുടെ മുഖം തിരിയും. അതേ സമയം താഴ്ന്ന റേഞ്ചിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ സൂചിക 25,112 – 25,387 പോയിന്റിലേക്ക് തിരിച്ചുവരവ് കാഴ്ചവയ്ക്കാം.
നിഫ്റ്റി ജൂലൈ ഫ്യൂച്ചർ 25,032ൽ നിന്നും 24,800 റേഞ്ചിലേക്ക് നീങ്ങാമെന്ന് സൂചിപ്പിച്ചത് ശരിവച്ച് വാരാന്ത്യം 24,850ലേക്ക് താഴ്ന്നു. ഓഗസ്റ്റ് ഫ്യൂച്ചർ 24,943ലാണ്. കഴിഞ്ഞവാരം 188 ലക്ഷം കരാറുകളായിരുന്ന ഓപ്പൺ ഇന്ററസ്റ്റ് ഏകദേശം 201 ലക്ഷത്തിലേക്ക് കയറിത് പുതിയ വിൽപ്പനക്കാരുടെ വരവായി കണക്കാക്കാം.
സെൻസെക്സിൽ ലാഭമെടുപ്പ്
ബോംബെ സൂചിക 81,757 പോയിന്റിൽനിന്നും 82,397 വരെ ഉയർന്നതിനിടയിലാണ് ഇടപാടുകാർ ലാഭമെടുപ്പ് തുടങ്ങിയത്. ഇതോടെ ബ്ലൂചിപ്പ് ഓഹരികൾ വിൽപ്പന സമ്മർദത്തിൽ അകപ്പെട്ടത് സൂചികയെ ഒരുവസരത്തിൽ 81,397ലേക്ക് തളർത്തിയെങ്കിലും 81,325 ലെ സപ്പോർട്ട് നിലനിർത്താൻ വിപണിക്കായി, മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 81,463 പോയിന്റിലാണ്. ഈവാരം വിൽപ്പന സമ്മർദം തുടർന്നാൽ സെൻസെക്സിന് 80,978 – 80,493 പോയിന്റിൽ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 79,104 വരെ തളരാം. വിപണി മുന്നേറിയാൽ 82,367 – 83,207 ൽ പ്രതിരോധമുണ്ട്.
വിദേശ ഓപ്പറേറ്റർമാർ പിന്നിട്ട വാരം എല്ലാ ദിവസവും വിൽപ്പനക്കാരായി നിലകൊണ്ടു. അവർ 13,552.91 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. ജൂലൈയിൽ ഇതിനകം അവർ 32,454.59 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിൻതുണ നൽകി പിന്നിട്ടവാരം 17,932.59 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷേപം 45,552.25 കോടി രൂപയാണ്.
ക്രൂഡ് ഓയിൽ വിലയിൽ കുറവ്
രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 69.24 ഡോളറിൽനിന്നും 67.70 ഡോളറിലേക്ക് താഴ്ന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 67 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടാൽ എണ്ണവില 62 ഡോളറിലേക്ക് ഇടിയാം. മുന്നേറാൻ ശ്രമം നടത്തിയാൽ 69 ഡോളറിൽ തടസമുണ്ട്.
സ്വർണത്തിനു ചാഞ്ചാട്ടം
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണത്തിൽ വീണ്ടും ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. വാരാരംഭത്തിൽ ട്രോയ് ഔൺസിനു 3349 ഡോളറിൽനിന്നുള്ള കുതിപ്പിൽ 3400 കടന്ന് 3438 വരെ കയറിയ അവസരത്തിൽ പുതിയ നിക്ഷേപകരുടെ അഭാവം കണ്ട് ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങിയതോടെ വില പെടുന്നനെ 3326ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 3336 ഡോളറിലാണ്.