കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിന് നാക് എ പ്ലസ് അംഗീകാരം
Friday, July 25, 2025 2:31 AM IST
കാഞ്ഞിരപ്പള്ളി: കോളജ് സ്ഥാപനത്തിന്റെ ഇരുപത്തഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ) രണ്ടാം സൈക്കിളിൽ എ പ്ലസ് അംഗീകാരത്തിന് അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് അർഹമായി.
കേരളത്തിൽ ഇതുവരെ ഒരു എൻജിനിയറിംഗ് വിദ്യാഭാസ സ്ഥാപനത്തിന് ലഭിച്ച ഏറ്റവും ഉയർന്ന ഗ്രേഡ് ആണിത്. 2001 മുതൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിന്റെ പാഠ്യപദ്ധതി, പഠനരീതി, പാഠ്യ-പഠ്യേതര കാര്യങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ, കോളജിന്റെ ഭരണരീതി, സമൂഹത്തിനു നൽകുന്ന സംഭാവനകൾ എന്നീ മേഖലകളിൽ കോളജിന്റെ അതുല്യമായ പ്രവർത്തന മികവ് വിലയിരുത്തുവാനായി അറുപതോളം മാനദണ്ഡങ്ങളിലുള്ള പ്രവർത്തനങ്ങളെയാണ് നാക് വിദഗ്ധർ വിലയിരുത്തിയത്.
നാക് അക്രെഡിറ്റേഷൻ പ്രക്രിയയിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി നടന്ന അക്രെഡിറ്റേഷനാണ് അമൽജ്യോതിയിൽ നടന്നത്. ഇതിൽ ഉന്നത വിജയം കൈവരിച്ചത് ഡിജിറ്റൽ ഡോക്കുമെന്റേഷൻ വിദ്യയിൽ അമൽജ്യോതിയുടെ മികവും സൂചിപ്പിക്കുന്നു.
2023 ൽ ഓട്ടോണോമസ് പദവി ലഭിച്ചതും ഏഴു അക്കാദമിക വിഭാഗങ്ങൾക്ക് എൻബിഎ അക്രെഡിറ്റേഷൻ ഉള്ളതും കോളജിന്റെ പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു. 2030 ജൂൺ വരെ അഞ്ചു വർഷത്തേക്കാണ് നാക് എ പ്ലസ് ഗ്രേഡിന്റെ കാലാവധി .
കോളജ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബിഷപ് മാർ ജോസ് പുളിക്കലും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും കോളജ് ട്രസ്റ്റിയുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും കോളജ് അധികാരികളുടെയും അധ്യാപക-അനധ്യാപകരുടെയും വിദ്യാർഥികളുടെയും സംയുക്ത പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും കോളജിനുണ്ടായ നേട്ടത്തിൽ അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റവ. ഡോ. റോയ് എബ്രഹാം പഴയപറമ്പിൽ, എംജി സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ജോസ് ജയിംസ്, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. നിമി ആൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.