നിക്ഷേപങ്ങള്‍ക്കു വഴിതുറന്ന് യുഎഇ ഇന്‍വെസ്റ്റോപ്പിയ ഗ്ലോബല്‍ സമ്മിറ്റ്
Friday, July 25, 2025 2:31 AM IST
വിശാഖപട്ടണം: യുഎഇയും ഇന്ത്യയും തമ്മില്‍ മികച്ച നിക്ഷേപങ്ങള്‍ക്കു വഴിയൊരുക്കി ഇന്‍വെസ്റ്റോപ്പിയ ഗ്ലോബല്‍ സമ്മിറ്റ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നടന്നു.
യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, യുഎഇയില്‍നിന്നുള്ള വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമ്മിറ്റില്‍ ഇന്ത്യ-യുഎഇ നിക്ഷേപരംഗത്തെ പുതിയ സാധ്യതകള്‍ ചര്‍ച്ചയായി. ഇന്ത്യ- യുഎഇ ഫുഡ് കോറിഡോര്‍, ഗ്രീന്‍ എനര്‍ജി, സീപോര്‍ട്ട്, ലോജിസ്റ്റിക്സ്, ഷിപ്പ് ബില്‍ഡിംഗ്, ഡിജിറ്റല്‍, എഐ, സ്പേസ്, ടൂറിസം മേഖലകളിൽ നിക്ഷേപം ശക്തിപ്പെടുത്താനും ധാരണയായി.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ആന്ധ്രപ്രദേശില്‍ നിക്ഷേപങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലുലുവടക്കം യുഎഇ ആസ്ഥാനമായുള്ള കമ്പനികളെ അദ്ദേഹം ആന്ധ്രയിലേക്ക് ക്ഷണിച്ചു. ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും മുഖ്യന്ത്രി ഉറപ്പു നല്കി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച വ്യാപാരബന്ധമാണുള്ളതെന്നും യുഎഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു.
വിശാഖപട്ടണത്തു ഷോപ്പിംഗ് മാള്‍, വിജയവാഡയില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം ആന്ധ്രയില്‍ വിപുലമായ പദ്ധതികള്‍ യാഥാര്‍ഥ്യമാകുമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി.