കേരളത്തിന്റെ സ്റ്റാര്‍ട്ടപ് വ്യവസ്ഥ രാജ്യത്തിനു മാതൃക: മമത വെങ്കിടേഷ്
Friday, July 25, 2025 11:36 PM IST
കൊച്ചി: കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തെ ഏറ്റവും ചടുലവും മാതൃകാപരവുമെന്ന് സ്റ്റാര്‍ട്ടപ് ഇന്ത്യ മേധാവി മമത വെങ്കിടേഷ്. കേരള സ്റ്റാര്‍ട്ടപ് മിഷന് കളമശേരിയിലെ ഡിജിറ്റല്‍ ഹബില്‍ സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
സ്റ്റാര്‍ട്ടപ് ഇന്ത്യ രജിസ്ട്രേഷന് നൂറു ശതമാനം നേടിയ ഏക സംസ്ഥാനം കേരളമാണ്. ഇന്‍കുബേഷന്‍ സെന്ററുകള്‍ വര്‍ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ സീഡിംഗ് ഫണ്ട് ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം ഫണ്ട് ലഭിക്കും. ഐടി വകുപ്പിന്റെ വിഹിതത്തിനു പുറമെയാണിത്. ഇതുപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കണം. വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമാനമായ വകുപ്പുകളുടെ സഹായം നേടാമെന്നും മമത വെങ്കിടേഷ് പറഞ്ഞു.
ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചൽ ഫണ്ട് ലഭ്യമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ബയോനെസ്റ്റ് സിഇഒ കെ. അമ്പാടി, ഐടി സ്പെഷല്‍ സെക്രട്ടറി എസ്. സാംബശിവ റാവു, ഇന്‍ഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണന്, നടന്മാരായ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, നടി നിഖില വിമല്‍, നിര്‍മാതാവ് സോഫിയ പോള്‍, ഈസ് മൈ ട്രിപ് സിഇഒ റികാന്ത് പിറ്റീ തുടങ്ങിയവർ പ്രസംഗിച്ചു.
സിനിമ, സംഗീതം, ടെക്നോളജി, ഫിന്‍ടെക്, സാമൂഹ്യ സംരംഭങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍നിന്നുള്ള നൂറിലധികം പ്രമുഖര്‍ ദ്വിദിന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവൽ ഇന്നു സമാപിക്കും.