റിയൽ എസ്റ്റേറ്റിൽ ബീറ്റാ ഗ്രൂപ്പ്
Wednesday, July 23, 2025 1:14 AM IST
തിരുവനന്തപുരം: കമ്മോഡിറ്റികൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആഗോള സാന്നിധ്യമുള്ള തിരുവനന്തപുരം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവയ്ക്കുന്നു. കേരളത്തിലെ പ്രമുഖ നിർമാണ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അന്റാ ബിൽഡേഴ്സുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വരുംവർഷങ്ങളിൽ 500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണ കരാർ. കരാറിന്റെ ഭാഗമായി, ബീറ്റാ ഗ്രൂപ്പിനെ അന്റാ ബിൽഡേഴ്സിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തും.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ഡയറക്ടർ രാജ്നാരായണ പിള്ളയും അന്റാ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യനും കിർലോസ്കർ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസിന്റെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ, അഞ്ചു പ്രധാന തന്ത്രപരമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത കർമപദ്ധതിക്ക് രൂപം നൽകുന്നു.
കരാർ ഒപ്പിടുന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്മോഹൻ പിള്ള, ക്ലയിന്റ് അസോസിയേറ്റ്സിലെ മധു കുമാർ എന്നിവരും ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.