ആഗോള ഫാസ്റ്റ് പേയ്മെന്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്: ഐഎംഎഫ്
Sunday, July 20, 2025 10:47 PM IST
ന്യൂഡൽഹി: അതിവേഗ പേയ്മെന്റുകളിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമതായി ഉയർന്നുവന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്നലെ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഈ കുതിപ്പിന് പ്രധാന കാരണം യുപിഐ എന്നറിയപ്പെടുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസാണ്.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ 2016ൽ ആരംഭിച്ച യുപിഐ, രാജ്യത്ത് ആളുകൾ പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന രീതിയെ മാറ്റിമറിച്ചു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഒരൊറ്റ മൊബൈൽ ആപ്പിലേക്ക് ലിങ്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഈ പ്ലാറ്റ്ഫോം, കുറഞ്ഞ ടച്ച് കൊണ്ട് തത്ക്ഷണം സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ഇടപാടുകൾ സാധ്യമാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തത്സമയ പേയ്മെന്റ് സംവിധാനമാണ് മൊബൈൽ ആപ്പ് അധിഷ്ഠിതമായ യുപിഐ. ഇത് പ്രതിമാസം 18 മില്യണിലധികം ഇടപാടുകൾ കൈകാര്യം ചെയ്യുന്നു. 2024ൽ ജൂണിൽ മാത്രം 18.39 ബില്യണ്‍ ഇടപാടുകളുമായി 24.03 ലക്ഷം കോടി രൂപയുടെ കൈമാറ്റങ്ങൾ നടത്തി. മുൻ വർഷത്തെ ഇതേ മാസത്തെ 13.88 ബില്യണ്‍ ഇടപാടുകളേക്കാൾ 32 ശതമാനം കൂടുതൽ.
ഇന്ത്യയിൽ എല്ലാ ഡിജിറ്റൽ പേയ്മെന്റുകളുടെയും 85 ശതമാനം ഇപ്പോൾ യുപിഐ വഴിയാണ് നടക്കുന്നത്. ലോകമെന്പാടുമുള്ള തത്സമയ ഡിജിറ്റൽ പേയ്മെന്റുകളുടെ 50 ശതമാനവും യുപിഐ വഴിയാണ്. 675 ബാങ്കുകളെ ഒരു ഏകീകൃത സംവിധാനത്തിലൂടെ ബന്ധിപ്പിച്ചുകൊണ്ട് 491 ഉപയോക്താക്കൾക്കും 65 മില്യണ്‍ വ്യാപാരികൾക്കും സേവനം നൽകുന്നു.
യുപിഐ സേവനം ഇന്ത്യയിൽമാത്രം ഒതുങ്ങുന്നതല്ല. യുഎഇ, സിംഗപ്പുർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങി ഏഴു വിദേശരാജ്യങ്ങളിൽ യുപിഐ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്പിലേക്കുള്ള യുപിഐയുടെ ആദ്യ പ്രവേശനം ഫ്രാൻസിലൂടെയാണ്. ഇത് വിദേശത്ത് യാത്ര ചെയ്യുകയോ വസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർക്ക് അതിർത്തി കടന്നുള്ള പണമയയ്ക്കലുകൾ സുഗമമാക്കുന്നു.