സ്വതന്ത്രവ്യാപാര കരാർ ഇന്ത്യയുടെ നിബന്ധനകൾക്കനുസരിച്ച്: വാണിജ്യമന്ത്രി
Saturday, July 26, 2025 11:24 PM IST
ന്യൂഡൽഹി: യുകെയുമായുള്ള സ്വതന്ത്രവ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടത് ഇന്ത്യയുടെ നിബന്ധനകൾക്ക് വിധേയമായാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.
യുകെയുമായി വ്യാഴാഴ്ച ഒപ്പിട്ട കരാർ ഇന്ത്യയുടെ തലവര മാറ്റുന്നതാണെന്നാണ് പിയൂഷ് ഗോയൽ വിശേഷിപ്പിച്ചത്. കരാർ സേവനരംഗമടക്കമുള്ള ഒരുപാടു മേഖലകൾക്ക് നിരവധി നേട്ടങ്ങൾ സമ്മാനിക്കുമെന്നും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരം ഇരട്ടിയോളമായി വർധിപ്പിക്കുന്ന എഫ്ടിഎയിൽ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഒപ്പിട്ടെങ്കിലും യുകെയിലെ പാർലമെന്റുകൂടി അനുമതി നൽകിയാലേ കരാർ പ്രാബല്യത്തിൽ വരികയുള്ളൂ. ഇതിന് ഒരു വർഷമെങ്കിലും എടുത്തേക്കാമെന്നും ഗോയൽ വ്യക്തമാക്കി.
ഇന്ത്യയുടെ താത്പര്യങ്ങൾ മുൻനിർത്തി രാജ്യത്തെ ചില മേഖലകളെ ബാധിക്കുന്ന ഉത്പന്നങ്ങളെ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കും 99 ശതമാനം മത്സ്യബന്ധന ഉത്പന്നങ്ങൾക്കും യുകെയിൽ നികുതിരഹിത പ്രവേശനം ലഭിക്കും.
50 ലക്ഷത്തിലധികം ദക്ഷിണേഷ്യക്കാർ അവിടെ താമസിക്കുന്നുണ്ടെന്നും ഇതിൽ 18 ലക്ഷം ഇന്ത്യക്കാരാണെന്നും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനായി ഗോയൽ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ആസിയാൻ രാജ്യങ്ങളുമായി ഒപ്പുവച്ച എഫ്ടിഎകൾ പോലെയല്ലെന്നും നിലവിലെ എഫ്ടിഎ പ്രഥമമായി ഇന്ത്യൻ താത്പര്യങ്ങൾക്കാണ് മുൻഗണന കൊടുത്തതെന്നും ഗോയൽ കൂട്ടിച്ചേർത്തു.