ബിനാലെയ്ക്ക് പിന്തുണയുമായി ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സും അദീബ് ആന്‍ഡ് ഷെഫീന ഫൗണ്ടേഷനും
Saturday, July 26, 2025 11:24 PM IST
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ(കെഎംബി)യുടെ ആറാം പതിപ്പിന് അദീബ് ആന്‍ഡ് ഷെഫീന ഫൗണ്ടേഷന്റെയും അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സിന്റെയും പിന്തുണ തുടരും.
അദീബ് ആന്‍ഡ് ഷെഫീന ഫൗണ്ടേഷനും ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സും എക്സിബിഷന് ബെനഫാക്ടേഴ്സ് സര്‍ക്കിള്‍ വിഭാഗത്തിലാണ് ബിനാലെയിലേക്ക് സംഭാവന നല്‍കിയത്.
ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സിന്റെ ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദിന്റെയും ഭാര്യ ഷെഫീന യൂസഫലിയുടെയും നേതൃത്വത്തിലുള്ള അദീബ് ആന്‍ഡ് ഷെഫീന ഫൗണ്ടേഷന് സാമൂഹിക വികസനം, വയോജന പരിചരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശുക്ഷേമം എന്നീ മേഖലകളില്‍ സജീവമായി ഇടപെടുന്ന സംഘടനയാണ്. മുന്‍ വര്‍ഷത്തെ ബിനാലെകളിലും അദീബ് ആന്‍ഡ് ഷെഫീന ഫൗണ്ടേഷന് സഹകരിച്ചിരുന്നു. നിലവില്‍ ബിനാലെയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം കൂടിയാണ് അദീബ് അഹമ്മദ്.
ബിനാലെ ആറാം പതിപ്പിന്റെ നടത്തിപ്പിനുവേണ്ടി ഒരു കോടി രൂപയാണ് ഇവര്‍ നല്‍കിയത്. ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സിന്റെയും ഫൗണ്ടേഷന്റെയും പ്രതിനിധികളായ പി.എ. സനീറും മാളവിക സുരേഷും ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സിഇഒ തോമസ് വര്‍ഗീസ് എന്നിവര്‍ക്ക് ചെക്ക് നല്കി. ഇത്തവണ 2025 ഡിസംബര്‍ 12ന് ബിനാലെ ആരംഭിക്കും.