ത്രില്ലര്‍ ടൈ
Monday, July 28, 2025 1:22 AM IST
മാഞ്ചസ്റ്റര്‍: തോല്‍വിയിലേക്ക് തള്ളിവിടാനുള്ള ഇംഗ്ലീഷ് ശ്രമങ്ങളെ കാറ്റില്‍പ്പറത്തി, ടീം ഇന്ത്യയുടെ ത്രില്ലര്‍ ടൈ. ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സ് ലീഡ് വഴങ്ങിയശേഷമാണ് ഇന്ത്യയുടെ വന്മതില് ഡിഫെന്‍സ്. കെ.എല്‍. രാഹുലും (90) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (103) തുടങ്ങിവച്ച പ്രതിരോധം, വാഷിംഗ്ടണ്‍ സുന്ദറും (206 പന്തിൽ 101 നോട്ടൗട്ട്) രവീന്ദ്ര ജഡേയും (185 പന്തിൽ 107 നോട്ടൗട്ട്) ഏറ്റെടുത്ത് വിജയിപ്പിച്ചു. സ്കോർ: ഇന്ത്യ 358, 425/4. ഇംഗ്ലണ്ട് 669.
ഇംഗ്ലീഷുകാർ അവരുടെ ഇടുങ്ങിയ മനസ് കാണിക്കുന്നതിനും ഇന്നലെ ഓൾഡ് ട്രാഫോഡ് സാക്ഷ്യംവഹിച്ചു. 138-ാം ഓവറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, രവീന്ദ്ര ജഡേജയോട് സമനിലയിൽ പിരിയാമെന്ന നിർദേശംവച്ചു. ഇന്ത്യൻ സ്കോർ 400 കടക്കുകയോ ജഡേജയും വാഷിംഗ്ടൺ സുന്ദറും സെഞ്ചുറിയിൽ എത്തുകയോ അപ്പോൾ ചെയ്തിരുന്നില്ല. ജഡേജ സെഞ്ചുറിയിലേക്കടുത്തപ്പോൾ ഹാരി ബ്രൂക്കിനെയാണ് സ്റ്റോക്സ് പന്ത് ഏൽപ്പിച്ചതെന്നതും ഇംഗ്ലണ്ടുകാരുടെ മനസ് വ്യക്തമാക്കി.
ഇതോടെ പരമ്പരയിലെ അഞ്ചാമത്തെ മത്സരം നിര്‍ണായകമായി. നാലു ടെസ്റ്റ് കഴിഞ്ഞപ്പോള്‍ 2-1ന് ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു. അഞ്ചാം മത്സരം 31ന് ഓവലില്‍ നടക്കും. ഓവലില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര 2-2 സമനിലയില്‍ എത്തിക്കാം.
ശുഭ്മാൻ ഗില്‍, കെ.എൽ. രാഹുല്‍
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. നാലാംദിനം അവസാനിച്ചപ്പോള്‍ 87 റണ്‍സുമായി കെ.എല്‍. രാഹുലും 78 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍. സ്കോര്‍ബോര്‍ഡ് തുറക്കുന്നതിനു മുമ്പുതന്നെ യശസ്വി ജയ്സ്വാള്‍, സായ് സുദര്ശന് എന്നിവരെ നഷ്ടപ്പെട്ടശേഷമായിരുന്നു ഗില്ലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയത്.
അഞ്ചാംദിനം പിടിച്ചുനിന്നാല്‍ സമനില നേടാമെന്നതിനാല്‍ രാഹുലും ഗില്ലും തലേദിവസത്തെ തീവ്രപരിചരണം തുടര്‍ന്നു. സ്കോര്‍ 188ല്‍ എത്തിയപ്പോള്‍ രാഹുല്‍ പുറത്ത്. 230 പന്തില്‍ 90 റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. അതോടെ 421 പന്തുകള്‍ നേരിട്ട് 188 റണ്‍സ് നേടിയ രാഹുല്‍-ഗില്‍ കൂട്ടുകെട്ട് അവസാനിച്ചു. നേരിട്ട 228-ാം പന്തില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറി തികച്ചു. ഈ പരമ്പരയില്‍ ഗില്ലിന്റെ നാലാം ശതകം. ടെസ്റ്റ് കരിയറില്‍ ഒമ്പതാമത്തെയും. ഗില്ലിന്റെ പ്രതിരോധം ജോഫ്ര ആര്‍ച്ചര്‍ ഭേദിച്ചു. 238 പന്തില്‍ 103 റണ്‍സ് നേടിയ ഗില്ലിനെ ആര്‍ച്ചര്‍ വിക്കറ്റിനു പിന്നില്‍ സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു.
വാഷിംഗ്ടൺ സുന്ദര്‍, ജഡേജ
കാല്പത്തിക്കുള്ള പൊട്ടല്‍ വകവയ്ക്കാതെ ഒന്നാം ഇന്നിംഗ്സില്‍ ക്രീസിലെത്തിയ ഋഷഭ് പന്ത്, രണ്ടാം ഇന്നിംഗ്സിലും കളിക്കുമെന്ന് ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിക്കേറ്റ പന്തിന്റെ സ്ഥാനമായ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയത് വാഷിംഗ്ടണ്‍ സുന്ദര്‍. വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും 334 പന്ത് നേരിട്ട് അഭേദ്യമായ 203 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 206-ാം പന്തിൽ വാഷിംഗ്ടൺ സുന്ദർ കന്നി ടെസ്റ്റ് സെഞ്ചുറി നേടി. 182-ാം പന്തിലായിരുന്നു ജഡേജയുടെ സെഞ്ചുറി.