അതിരപ്പിള്ളി ഉത്പന്നങ്ങൾ ആഗോള ബ്രാൻഡായി; ആദിവാസി കർഷകർക്ക് നേട്ടം
Thursday, July 31, 2025 11:34 PM IST
തിരുവനന്തപുരം: അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയിലൂടെ ആദിവാസി കർഷകർ ഉത്പാദിപ്പിക്കുന്ന തനത് ഉത്പന്നങ്ങളായ കാപ്പി, തേൻ, കുരുമുളക്, കുടംപുളി എന്നിവയ്ക്ക് പ്രിയമേറുന്നു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയാണിത്. കാർഷിക വിളകളുടെ വിളവ്യാപനം മുതൽ കാർഷിക ഉത്പന്ന മൂല്യവർധനവും വിപണനവും വരെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.
www.athirappillytribalvalley.com എന്ന വെബ്സൈറ്റ് വഴിയും സംസ്ഥാന, ദേശീയ തലങ്ങളിലെ വിവിധ എക്സിബിഷനുകൾ വഴിയും അതിരപ്പിള്ളി ബ്രാൻഡ് ഉപഭോക്താക്കളിലെത്തുന്നു.