ചരിത്ര കോളിന് 30 ആണ്ട്
Thursday, July 31, 2025 2:14 AM IST
30വർഷങ്ങൾക്ക് മുന്പ് ഇതേ ദിവസം ഇന്ത്യയുടെ കമ്യൂണിക്കേഷൻ രംഗത്തിന് മറക്കാനാകാത്ത ഒരു ദിനമായിരുന്നു. അന്ന് ഇന്ത്യയിൽ ഒരു ടെലിഫോണ് വിളി നടന്നു. ഇന്ത്യയിലെ കമ്യൂണിക്കേഷൻ വിപ്ലവത്തിന്റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ് കോളായിരുന്നു അത്.
അതിൽ കോൾ ചെയ്ത വ്യക്തി അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. മറുതലയ്ക്കൽ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ് കോളായിരുന്നു അത്.
കോൽക്കത്തയിലെ റൈറ്റേർസ് ബിൽഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ജ്യോതി ബസു നോക്കിയ മൊബൈൽ ഫോണ് ഉപയോഗിച്ചാണ് ഡൽഹിയിലെ ടെലികോം മന്ത്രാലയത്തിന്റെ ഓഫീസായ സഞ്ചാർ ഭവനിലേക്കു ആ കോൾ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ് നെറ്റ്വർക്കായ മൊബൈൽ നെറ്റിന്റെ ഉദ്ഘാടന കോൾ ആയിരുന്നു അത്.
കോൽക്കത്ത, ന്യൂഡൽഹി നഗരങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്വർക്കായിരുന്നു ഇത്. കോൽക്കത്തയ്ക്കും ഡൽഹിക്കും ഇടയിൽ, ഇന്ത്യയുടെ ബി.കെ. മോദിയുടെയും ഓസ്ട്രേലിയയുടെ ടെൽസ്ട്ര കോർപ്പറേഷന്റെയും സംയുക്ത സംരംഭമായാണ് മോദി ടെൽസ്ട്ര നെറ്റ്വർക്ക് സ്ഥാപിതമായത്. കോൽക്കത്തയിൽ മാത്രമായിരുന്നു പ്രവർത്തനം.
ഇന്ത്യയിൽ ആദ്യഘട്ടത്തിൽ മൊബൈൽ നെറ്റ് വർക്ക് സേവനം നടത്താൻ ലൈസൻസ് ലഭിച്ച എട്ടു കന്പനികളിൽ ഒന്നായിരുന്നു ഇത്. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ ഇന്ത്യയിലെ നാല് മെട്രോപോളിറ്റൻ നഗങ്ങളിൽ രണ്ട് മൊബൈൽ ടെലികോം ലൈസൻസ് വീതമാണ് നൽകിയത്. ഇതിൽ ആദ്യം സർവീസ് ആരംഭിച്ചത് കോൽക്കത്തയിൽ മോഡി ടെൽസ്ട്രയായിരുന്നു.
അക്കാലത്ത് ഒരു ഫോണ് വിളി വളരെ ചെലവേറിയതായിരുന്നു, മിനിറ്റിന് 8.4 രൂപയാണ് നൽകേണ്ടി വന്നിരുന്നത്. ഇൻകമിംഗ് കോളുകൾക്കും ഒൗട്ട്ഗോയിംഗ് കോളുകൾക്കും നിരക്ക് ഈടാക്കിയിരുന്നു. തിരക്കേറിയ സമയങ്ങളിൽ ഒരു മിനിറ്റ് സംസാരിക്കാൻ ചെലവേറെയായിരുന്നു. ഇത് മിനിറ്റിന് 16.8 രൂപ വരെയായി ഉയർന്നിരുന്നു. ഇപ്പോൾ സാങ്കേതിക വിദ്യ 5ജിയിൽ എത്തി നിൽക്കുകയാണ്. വോയിസ്, ഡാറ്റ കോളുകൾ സൗജന്യമായി, ഇന്ത്യയിലെ ആശയവിനിമയ രംഗത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞത് എത്ര പെട്ടെന്നാണ്.
1995 ലെ ജ്യോതി ബസുവിൻറെ ആദ്യ കോളിൽ നിന്നും ഇന്ന് ഇന്ത്യ ഏറെ മുന്നേറി. ഇന്ന് മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളായി മാറിയിരിക്കുന്നു. ഇന്നത്തെ മൊബൈൽ സെറ്റുകൾ കാമറകൾ, മ്യൂസിക് പ്ലെയറുകൾ എ്ന്നിവയും ഒരു പോക്കറ്റ് പേഴ്സണൽ കംപ്യൂട്ടറുമാണ്.
ഇന്ന് പണമടയ്ക്കൽആപ്പുകൾ വഴി സ്മാർട്ട്ഫോണിലൂടെ പണമടയ്ക്കലുകൾ നടത്താമെന്നായി. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫുഡ് ഡെലിവറി ആപ്പുകൾ, കാബ് ആപ്പുകൾ തുടങ്ങിയ പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ ജീവിതം സ്മാർട്ട്ഫോണ് യുഗം മാറ്റിമറിച്ചു. നിലവിൽ, വിവിധ സർക്കാർ സൗകര്യങ്ങൾ സ്മാർട്ട്ഫോണുകളിലൂടെ നേരിട്ട് അവരിലേക്ക് എത്തിച്ചേരുന്നു.