ഒട്ടുപാല് വില കുത്തനെ ഇടിഞ്ഞു; റബര്‍ മേഖലയില്‍ ആശങ്ക
Friday, August 1, 2025 11:19 PM IST
കോട്ടയം: ക്രംബ് ഫാക്ടറികള്‍ ഉത്പാദനം നിര്‍ത്തിയതോടെ ഒട്ടുപാല് വില കുത്തനെ ഇടിഞ്ഞു. ആറു ദിവസത്തിനുള്ളില്‍ 15 രൂപയോളമാണ് ഇടിവ്.
ക്രംബ് വില വിദേശ വിലയേക്കാള്‍ ഉയര്‍ന്നതോടെ ആഭ്യന്തര ക്രംബ് റബറിന് ഡിമാന്‍ഡ് കുറഞ്ഞ് കമ്പനികള്‍ ഉത്പാദനം കുറച്ചു. ഏതാനും മാസങ്ങളായി വന്‍ നഷ്ടത്തിലാണു ക്രംബ് ഫാക്ടറികളെന്നും പലതും ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും പറയുന്നു.
ഷീറ്റ് വില 213 വരെ എത്തിയ തോതില്‍ ഒട്ടുപാലിന് 134 രൂപ വരെ കയറിയിരുന്നു. ഇന്നലെ 118 രൂപയ്ക്കാണ് ഒട്ടുപാല് വ്യാപാരം നടന്നത്. ഒട്ടുപാല് വില കിലോയ്ക്ക് 150 വരെ ഉയര്‍ന്നേക്കാമെന്ന സൂചനയില്‍ സ്റ്റോക്ക് ചെയ്ത വ്യാപാരികളും കര്‍ഷകരും ഒരു പോലെ പ്രതിസന്ധിയിലായി.
പല കര്‍ഷകരും ഷീറ്റ് തയാറാക്കാതെ അടുത്തിടെ ചണ്ടിപ്പാല് വന്‍തോതില്‍ സംഭരിച്ചപ്പോൾ വില താഴാനുള്ള സാഹചര്യം റബര്‍ ബോര്‍ഡ് കര്‍ഷകരെ അറിയിച്ചിരുന്നില്ല. റബര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളും ഈ ചൂഷണത്തിന് ചൂട്ടുപിടിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. വില ഇനിയും താഴ്ന്നേക്കാമെന്ന ആശങ്കയില്‍ കര്‍ഷകര്‍ ഒട്ടുപാല് വിറ്റഴിക്കാന്‍ താത്പര്യപ്പെടുന്നതിനാല്‍ ഇന്നലെയും രണ്ടു രൂപ കുറഞ്ഞു.
അന്താരാഷ്ട്ര വിലത്താഴ്ചയുടെ ചുവടുപിടിച്ച് ഷീറ്റ് വിലയിലും വലിയ ഇടിവാണുണ്ടായത്. വ്യവസായികള്‍ ചരക്ക് വാങ്ങാതെ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നതും ഇറക്കുമതിക്ക് താത്്പര്യം കാണിക്കുന്നതും വില കുറയാന്‍ കാരണമായി. ഷീറ്റിന് നിലവില്‍ 203 രൂപയാണ് വില. 208 രൂപ വരെ കയറിയ ലാറ്റക്സ് 190 രൂപയിലെത്തി.