വാർത്തകൾ അടിസ്ഥാനരഹിതം; റഷ്യൻ ഓയിൽ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രം
Sunday, August 3, 2025 12:07 AM IST
ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിയെന്ന അവകാശവാദം അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ. ഇന്ത്യ ഇപ്പോഴും റഷ്യയിൽ നിന്നുള്ള ഓയിൽ ഇറക്കുമതി തുടരുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്കുമേൽ അധിക പിഴ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പൊതുമേഖല എണ്ണ കന്പനികൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ തീരുവയ്ക്കു പുറമെ പിഴ ചുമത്തുമെന്ന ഭീഷണി ഉണ്ടായിട്ടും റഷ്യയിൽനിന്ന് വില കുറഞ്ഞ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിപണിയിലെ ചലനാത്മകതയും ദേശീയ താത്പര്യങ്ങളുമനുസരിച്ചാണ് രാജ്യത്തെ ഊർജകാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതെന്നു സർക്കാരുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
കടൽമാർഗം റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ട്രംപിന്റെ തീരുവ ഭീഷണിയും വിലക്കിഴവുകളിലുണ്ടായ കുറവും കാരണം രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗ്ലൂർ റിഫൈനറി & പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവ കഴിഞ്ഞ ആഴ്ച റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ നീക്കത്തെ മികച്ച തീരുമാനമെന്ന് പറഞ്ഞ് ട്രംപ് സ്വാഗതം ചെയ്തിരുന്നു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്കു തീരുവയ്ക്കു പുറമെ അധിക പിഴ ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കിയിരുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ അസംസ്കൃത എണ്ണ ഉത്പാദക രാജ്യമെന്ന നിലയിൽ റഷ്യ പ്രതിദിനം ഏകദേശം 9.5 ദശലക്ഷം ബാരൽ (ആഗോള ആവശ്യത്തിന്റെ ഏകദേശം 10 ശതമാനം) ഉത്പാദിപ്പിക്കുന്നുണ്ട്; രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ്. പ്രതിദിനം ഏകദേശം 4.5 മില്യണ്‍ ബാരൽ അസംസ്കൃത എണ്ണയും 2.3 മില്യണ്‍ ബാരൽ ശുദ്ധീകരിച്ച ഉത്പന്നങ്ങളും അവർ കയറ്റുമതി ചെയ്യുന്നു.