ട്രംപിന്റെ പരിഹാസത്തിനു മോദിയുടെ മറുപടി; ഇന്ത്യ മൂന്നാമത്തെ വലിയ സന്പദ്ഘടനയാകും
Sunday, August 3, 2025 12:07 AM IST
ന്യൂഡൽഹി: ഇന്ത്യയുടേതു നിർജീവ സന്പദ്വ്യവസ്ഥയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഹാസത്തിനു പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ട്രംപ് പ്രഖ്യാപിച്ച തീരുവ വർധനവ് മൂലമുണ്ടായ ആഗോള സാന്പത്തിക പ്രക്ഷുബ്ധതകൾക്കിടയിലും സ്വദേശി ഉത്പന്നങ്ങൾക്കു ശക്തമായ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള അസ്ഥിരതയുടെ അന്തരീക്ഷത്തിൽ രാജ്യതാത്പര്യങ്ങൾക്കായി സർക്കാർ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. ആഗോള അസ്ഥിരതയുടെ അന്തരീക്ഷമുണ്ട്.
എല്ലാ രാജ്യങ്ങളും അവരുടെ താത്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തമാണ്- വാരാണസിയിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി പ്രകാരം അർഹരായ 9.7 കോടി കർഷകർക്ക് 20,500 കോടി രൂപ വിതരണം ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. പദ്ധതിയുടെ 20-ാമത്തെ ഗഡുവായ 6,000 രൂപ വീതം ഇന്നലെ വാരാണസിയിലെ ബനോളിയിൽ അദ്ദേഹം വിതരണം ചെയ്തു.