ഉയരത്തിലുള്ള ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ കുറിച്ച് ഇന്ത്യ
Sunday, August 3, 2025 2:22 AM IST
ലണ്ടന്‍: ഓവല്‍ മൈതാനത്ത് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും പിന്തുടര്ന്നു ജയിക്കാത്ത ഉയരത്തിലുള്ള ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ കുറിച്ച് ഇന്ത്യ.
അഞ്ചാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ ഇംഗ്ലണ്ടിന് റിക്കാര്‍ഡ് റൺ ചേസ് (373) നടത്തണം. ഓവലില്‍ ഇതുവരെ ഒരു ടീം വിജയകരമായി ചേസ് ചെയ്തു ജയിച്ച ഏറ്റവും ഉയര്‍ന്ന ലക്ഷ്യം 263 റണ്‍സാണ്. 1902ല്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടാണ് ഈ ലക്ഷ്യം നേടിയത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ (118) സെഞ്ചുറി നേടി. ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംഗ്ടൺ സുന്ദർ (53) എന്നിവരും തിളങ്ങി. നാലാം ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യയെ രക്ഷിച്ച ജഡേജയും വാഷിംഗ്ടണും ഇന്നലെയും മിന്നും ബാറ്റിംഗാണ് കാഴ്ചവച്ചത്; ഇന്ത്യയുടെ ബാസ് ബാറ്റിംഗ്...
ജയ്സ്വാള്‍ സെഞ്ചുറി
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 51 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാനായ ആകാശ് ദീപുമായിരുന്നു ക്രീസില്‍. ഒന്നില്‍ അധികം തവണ ഇംഗ്ലീഷ് ഫീല്‍ഡര്‍മാര്‍ ക്യാച്ച് നിലത്തിട്ടു നല്കിയ ജീവന് മുതലെടുത്ത് ജയ്സ്വാള്‍ സെഞ്ചുറിയിലേക്കു കുതിച്ചു. നേരിട്ട 127-ാം പന്തിലായിരുന്നു ജയ്സ്വാളിന്റെ സെഞ്ചുറി.
ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി (101) നേടിയാണ് ജയ്സ്വാള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര തുടങ്ങിയത്. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയതോടെ, ശതകനേട്ടത്തോടെ പരമ്പര അവസാനിപ്പിക്കാനും ജയ്സ്വാളിനു സാധിച്ചു. ടെസ്റ്റില്‍ ജയ്സ്വാളിന്റെ ആറാം സെഞ്ചുറിയാണ്. ആറില്‍ നാലും ഇംഗ്ലണ്ടിന് എതിരേയാണെന്നതും ശ്രദ്ധേയം. 164 പന്തില്‍ രണ്ട് സിക്സും 14 ഫോറും അടക്കം 118 റണ്‍സ് നേടിയശേഷമാണ് ജയ്സ്വാള്‍ മടങ്ങിയത്.
ആകാശ് ഫിഫ്റ്റി
ഓവലിലെ അഞ്ചാം ടെസ്റ്റിലെ ആദ്യ സെഞ്ചുറി കൂട്ടുകെട്ട് ജയ്സ്വാളും ആകാശും ചേര്‍ന്നു പടുത്തുയര്‍ത്തി. 150 പന്തില്‍ 107 റണ്‍സ് ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നു. ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച പ്രകടനമായിരുന്നു ആകാശിന്റേത്.
നേരിട്ട 70-ാം പന്തില്‍ ആകാശ് തന്റെ ആദ്യ ടെസ്റ്റ് അര്‍ധസെഞ്ചുറി തികച്ചു. 94 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 66 റണ്‍സ് എടുത്തശേഷമാണ് ആകാശ് മടങ്ങിയത്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത് മാത്രം നൈറ്റ് വാച്ച്മാനാണ് ആകാശ്.
സച്ചിനും കോഹ്ലിക്കും ഒപ്പം
2000നുശേഷം നാലാം നമ്പറായി ക്രീസിലെത്തി ഇംഗ്ലണ്ടില്‍ അര്‍ധസെഞ്ചുറി നേടുന്ന നാലാമതു മാത്രം ഇന്ത്യക്കാരനായി ആകാശ് ദീപ്. സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ മാത്രമായിരുന്നു 2000നുശേഷം നാലാം നമ്പറില്‍ ഇംഗ്ലണ്ടില്‍ അര്‍ധസെഞ്ചുറിക്കാര്‍.
ശുഭ്മാന്‍ ഗില്‍ 754
ആകാശ് ദീപ് പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 177/3. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഒമ്പത് പന്തിന്റെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 11 റണ്‍സുമായി ഗില്‍ മടങ്ങി. പരമ്പരയില്‍ ഇതോടെ ഗില്ലിന്റെ ആകെ റണ്‍സ് 754. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സുനില്‍ ഗാവസ്കറിന്റെ (774) റിക്കാര്‍ഡ് തകര്‍ക്കാന്‍ ഗില്ലിനായില്ല.
അതേസമയം, ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്നതില്‍ ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനു (810) പിന്നില്‍ രണ്ടാം സ്ഥാനത്ത് ഗില്‍ എത്തി. ഇംഗ്ലണ്ടിന്റെ ഗ്രഹാം ഹൂച്ചിനെയാണ് (752) ഗില്‍ പിന്തള്ളിയത്.
ഈ പരമ്പരയില്‍ ലണ്ടനിലെ പിച്ചുകളിലായി (ലോഡ്സ്, ഓവല്‍) കളിച്ച നാല് ഇന്നിംഗ്സില്‍നിന്ന് ഗില്ലിന് 54 റണ്‍സ് മാത്രമാണുള്ളത്. ലീഡ്സ്, ബിര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നീ വേദികളിലെ ആറ് ഇന്നിംഗ്സില്‍നിന്ന് 700 റണ്‍സും!
ജഡേജ, വാഷിംഗ്ടൺ
ഗില്ലിനുശേഷം ക്രീസിലെത്തിയ കരുണ്‍ നായറിനും (17) ശോഭിക്കാനായില്ല. എന്നാല്‍, രവീന്ദ്ര ജഡേജ (77 പന്തിൽ 53) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഈ പരന്പരയിൽ 516 റൺസാണ് ജഡേജ നേടിയത്. ജഡേജയും ധ്രുവ് ജുറെലും (34) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം (46 പന്തിൽ 53) എട്ടാം വിക്കറ്റില്‍ 34 റണ്‍സ് ചേര്‍ത്തശേഷമാണ് ജഡേജ മടങ്ങിയത്. വാഷിംഗ്ടണും പ്രസിദ്ധ് കൃഷ്ണയും (0) 10-ാം വിക്കറ്റിൽ 39 റൺസ് നേടി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 224.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 247.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാള്‍ സി ഓവര്ട്ടണ് ബി ടങ് 118, രാഹുല്‍ സി റൂട്ട് ബി ടങ് 7, സായ് സുദര്ശന് എല്‍ബിഡബ്ല്യു ബി ആറ്റ്കിന്സണ് 11, ആകാശ് ദീപ് സി ആറ്റ്കിന്സണ് ബി ഓവര്ട്ടണ് 66, ഗില്‍ എല്‍ബിഡബ്ല്യു ബി ആറ്റ്കിന്സണ് 11, കരുണ്‍ സി സ്മിത്ത് ബി ആറ്റ്കിന്സണ് 17, ജഡേജ സി ബ്രൂക്ക് സി ടങ് 53, ജുറെൽ എൽബിഡബ്ല്യു ബി ഓവർട്ടൺ 34, വാഷിംഗ്ടൺ സി ക്രൗലി ബി ടങ് 53, സിറാജ് എൽബിഡബ്ല്യു ബി ടങ് 0, പ്രസിദ്ധ് നോട്ടൗട്ട് 0, എക്സ്ട്രാസ് 26, ആകെ 88 ഓവറിൽ 396.
ബൗളിംഗ്: ആറ്റ്കിൻസൺ 27-3-127-3, ടങ് 30-4-125-5, ഓവർട്ടൺ 22-2-98-2, ബെഥേൽ 4-0-13-0, റൂട്ട് 5-1-15-0.