ടോട്ടന്‍ഹാമില്‍ സൂര്യാസ്തമയം
Sunday, August 3, 2025 2:22 AM IST
സീയൂള്‍: തികച്ചും അപ്രതീക്ഷിതമായി ദക്ഷിണകൊറിയന്‍ സൂപ്പര്‍ ഫുട്ബോളര് സണ്‍ ഹ്യൂങ് മിന് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോടു വിടപറഞ്ഞു. 2025-26 സീസണ് ആരംഭിക്കാനിരിക്കേയാണ് ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോടു വിടപറയുന്നതായി സീയൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സണ്‍ ഹ്യൂങ് മിന് അറിയിച്ചത്.
താരത്തിന്റെ 10 വര്‍ഷം നീണ്ട ടോട്ടന്‍ഹാം ജീവിതത്തിന് ഇതോടെ വിരാമമായി. ഇംഗ്ലീഷ് സംസാരിക്കാന്‍പോലും അറിയാതെയാണ് ടോട്ടന്‍ഹാമില്‍ 10 വര്‍ഷം മുമ്പെത്തിയതെന്നും ക്ലബ്ബിനോടു വിടപറയാനുള്ള സമയമായെന്നും സണ്‍ പറഞ്ഞു. ടോട്ടന്‍ഹാം വിടുന്നത് കരിയറിലെ ഏറ്റവും വിഷമകരമായ തീരുമാനമാണെന്നും അദ്ദേഹം കണ്ണീരോടെ വ്യക്തമാക്കി.
2015ല്‍ ജര്‍മന്‍ ക്ലബ്ബായ ബയെര്‍ ലെവര്കുസെന്നില്നിന്നായിരുന്നു സണ്‍ ടോട്ടന്‍ഹാമില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലബ്ബിനായി 454 മത്സരങ്ങളില്‍ നിന്ന് 173 ഗോള്‍ നേടി, 101 അസിസ്റ്റ് നടത്തി. 2018-10 യുവേഫ ചാമ്പ്യന്‍സ് ലീഗ്, 2020-21 ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലുകള്‍ കളിച്ചു. 2024-25 യൂറോപ്പ ലീഗാണ് സണ്ണിന്റെ സീനിയര്‍ കരിയറിലെ ഏക ട്രോഫി നേട്ടം.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരവും (333) ഏറ്റവും കൂടുതല്‍ ഗോളും (127) ഏറ്റവും കൂടുതല്‍ അസിസ്റ്റും (71) നടത്തിയ ഏഷ്യക്കാരനാണ് സണ്‍ ഹ്യൂങ് മിന്.
വിരമിക്കൽ
ടോട്ടന്ഹാമിനോടു വിടപറയുന്നതായി അറിയിച്ചതിനൊപ്പം വിരമിക്കല്‍ സൂചനയും സണ്‍ ഹ്യൂങ് മിന് നടത്തി. 2026 ഫിഫ ലോകകപ്പിനുശേഷം കളിക്കളത്തില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് 33കാരനായ സണ്‍ ഹ്യൂങ് മിന് നല്‍കിയത്.
2024-25 സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന്റെ ജഴ്സിയില്‍ യൂറോപ്പ ലീഗ് സ്വന്തമാക്കിയിരുന്നു. 17 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്ബോള്‍ ജീവിതത്തിനിടെ സണ്ണിന്റെ ആദ്യ സുപ്രധാന ട്രോഫിയായിരുന്നു അത്.
2010 ഡിസംബര്‍ 20ന് എഎഫ്സി ഏഷ്യന്‍ കപ്പില്‍ സിറിയയ്ക്കെതിരേയാണ് സണ്‍ ഹ്യൂങ് മിന്നിന്റെ രാജ്യാന്തര അരങ്ങേറ്റം. തുടര്ന്നിതുവരെയായി ദേശീയ ജഴ്സിയില്‍ 134 മത്സരങ്ങളില്‍നിന്ന് 51 ഗോള്‍ സ്വന്തമാക്കി.