ഉറങ്ങാതെ ലിയോൺ നീന്തിയെടുത്ത സ്വര്‍ണം
Friday, August 1, 2025 2:41 AM IST
സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലിയോണ്‍ മര്‍ച്ചന്‍ഡ് പുരുഷ വിഭാഗം 200 മീറ്റര്‍ മെഡ്ലെയില് സ്വര്‍ണം നീന്തിയെടുത്തത് തലേരാത്രിയില്‍ ഉറക്കമിളച്ചതിന്റെ ക്ഷീണമില്ലാതെ. എന്നാല്‍, ഉറക്കമിളച്ചത് ഫൈനലിലെ പ്രകടനത്തില്‍ ബാധിച്ചു. 1:53.68 സെക്കന്‍ഡിലാണ് ഫ്രഞ്ച് താരം സ്വര്‍ണത്തിലേക്കു നീന്തിക്കയറിയത്.
സെമിയില്‍ 1:52.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക റിക്കാര്‍ഡ് സ്വന്തമാക്കിയതിന്റെ ത്രില്ലിലായിരുന്നു ലിയോണ്‍. അതുകൊണ്ട് രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.
2011ല്‍ റയാന് ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് സെമിയില്‍ ലിയോണ്‍ തകര്‍ത്തത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍, മൈക്കിള്‍ ഫെല്‍പ്സിന്റെ പേരില്‍ ദീര്‍ഘനാളായി തുടര്‍ന്ന 400 മീറ്റര്‍ മെഡ്ലെ റിക്കാര്‍ഡ് ലിയോണ്‍ തിരുത്തിയിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവുമടക്കം അഞ്ച് മെഡല്‍ ഈ 23കാരന് സ്വന്തമാക്കിയിരുന്നു.