പിന്തുണച്ചത് ബലോഗ്: ദിവ്യ
Friday, August 1, 2025 2:41 AM IST
നാഗ്പുര്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഫിഡെ ലോകകപ്പ് ചെസ് കിരീടം നേടിയത് ദിവ്യ ദേശ്മുഖ് എന്ന 19കാരിയിലൂടെ. 2025 ഫിഡെ വനിതാ ലോകകപ്പില്‍ ജേതാവായതോടെ നാഗ്പുര്‍ സ്വദേശിയായ ദിവ്യ ചരിത്രത്താളില്‍ ഇടംപിടിച്ചു.
സെമിയില്‍ ജയിച്ചതോടെ ആദ്യമായി ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഇന്ത്യന്‍ വനിത എന്ന നേട്ടവും ദിവ്യ സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറില്‍ രണ്ടാം റൗണ്ട് വരെ നീണ്ട ഫൈനലില്‍, ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ കീഴടക്കിയായിരുന്നു ദിവ്യ ലോകകപ്പ് സ്വന്തമാക്കിയത്. ഇന്ത്യക്കാരുടെ ഫൈനല്‍ അരങ്ങേറിയതും ചരിത്രത്തില്‍ ആദ്യം.
നിരവധി റിക്കാര്‍ഡുകള്‍ തകര്‍ത്ത്, 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കിയതിന്റെ രഹസ്യങ്ങള്‍ ദിവ്യ ദേശ്മുഖ് വെളിപ്പെടുത്തി. ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ സിസബ ബലോഗാണ് ഫിഡെ 2025 ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് ദിവ്യ പറഞ്ഞു. ഒപ്പം അഭിമന്യു പുരാണിക്കും തന്റെ ഭാഗത്തുണ്ടായിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ടീം അംഗങ്ങളെ അകമഴിഞ്ഞു പ്രശംസിക്കാനും ദിവ്യ മറന്നില്ല.
“ഈ ടൂര്‍ണമെന്റില്‍ (2025 ഫിഡെ ലോകകപ്പ്) എന്നെ സഹായിച്ചത് ഹംഗറിക്കാരനായ സിസബ ബലോഗാണ്. ശരിക്കും കരുത്തുറ്റ ഗ്രാന്‍ഡ്മാസ്റ്ററാണ് അദ്ദേഹം. ഇതിനായി കണക്കില്ലാത്ത രാത്രികള്‍ അദ്ദേഹം മെനക്കെട്ടു. എന്നേക്കാളും കഠിനമായ ദിനങ്ങള്‍ അദ്ദേഹത്തിനായിരുന്നു എന്നു തോന്നുന്നു. ഉറക്കമിളച്ച് അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങളും കോച്ചിംഗുമാണ് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ എന്നെ സഹായിച്ചത്’’ - ദിവ്യ ദേശ്മുഖ് പറഞ്ഞു.
“അതുപോലെ അഭിമന്യു പുരാണിക്കും എന്നെ സഹായിക്കാനുണ്ടായിരുന്നു”- ദിവ്യ കൂട്ടിച്ചേര്‍ത്തു.