തരുണ്‍ മണ്ണേപ്പളി ക്വാര്‍ട്ടറില്‍
Friday, August 1, 2025 2:41 AM IST
മക്കാവു: ടോപ് സീഡായ ഹോങ്കോംഗിന്റെ ലീ ച്യൂക്ക് യിയുവിനെ അട്ടിമറിച്ച് ഇന്ത്യയുടെ തരുണ്‍ മണ്ണേപ്പളി ക്വാര്‍ട്ടറില്‍. മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് തരുണിന്റെ തകര്‍പ്പന്‍ പ്രകടനം അരങ്ങേറിയത്.
ടോപ് സീഡും ലോക 15-ാം നമ്പറുമായ ലീ ച്യൂക്ക് യിയുവിനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് തരുണ്‍ തകര്‍ത്തത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഉജ്വലമായ തിരിച്ചുവരവെന്നതും ശ്രദ്ധേയം.
സ്കോര്‍: 19-21, 21-14, 22-20. ലോക 47-ാം നമ്പറായ തരുണ്‍ ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് സൂപ്പര്‍ 300 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
ഫെബ്രുവരിയില്‍ ജര്‍മന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലും പ്രവേശിച്ചിരുന്നു. മക്കാവു ക്വാര്‍ട്ടറില്‍ ചൈനയുടെ ഹു ഹെ അനാണ് തരുണിന്റെ എതിരാളി.
രണ്ടാം സീഡായ ഇന്ത്യയുടെ ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് ലക്ഷ്യ കീഴടക്കിയത്. മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ 21-14, 14-21, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രീക്വാര്‍ട്ടര്‍ ജയം.