അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത്
Wednesday, July 30, 2025 11:02 PM IST
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോക റാങ്കിംഗില്‍ ഇന്ത്യയുടെ യുവതാരം അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് രണ്ടില്‍നിന്ന് അഭിഷേക് ശര്‍മ ഒന്നില്‍ എത്തിയത്.
829 ആണ് ഇന്ത്യന്‍ താരത്തിന്റെ റേറ്റിംഗ് പോയിന്റ്. ഒന്നാം സ്ഥാനത്തായിരുന്ന ട്രാവിസ് ഹെഡ് (814 റേറ്റിംഗ്) രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. തിലക് വര്‍മ (3) സൂര്യകുമാര്‍ യാദവ് (6) എന്നിവരാണ് ആദ്യ 10 റാങ്കിനുള്ളിലുള്ള മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തു തുടരുന്നു. ഋഷഭ് പന്ത് ഒരു സ്ഥാനം മുന്നേറി ഏഴില്‍ എത്തി. യശസ്വി ജയ്സ്വാള്‍ മൂന്നു സ്ഥാനം ഇറങ്ങി എട്ടിലാണ്. ശുഭ്മാന്‍ ഗില്‍ ഒമ്പതില്‍ തുടരുന്നു. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ ഒന്നില്‍ തുടരുകയാണ്.
റിക്കാര്‍ഡ് അഭിഷേക്
17 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 535 റണ്‍സാണ് അഭിഷേക് ശര്‍മ ഇതുവരെ നേടിയത്. ഏറ്റവും വേഗത്തില്‍ ലോക ഒന്നാം റാങ്കിലെത്തിയ ഇന്ത്യന്‍ താരം എന്ന നേട്ടം ഇതോടെ ഈ 24കാരനു സ്വന്തം. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അഭിഷേക് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 24 വര്‍ഷവും 328 ദിനവും പ്രായമുള്ള അഭിഷേക്, ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനുമായി.
വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഇതിനുമുമ്പ് ട്വന്റി-20 ബാറ്റിംഗ് ഒന്നാം റാങ്കിലെത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍.