ഇന്ത്യ 224നു പുറത്ത്; ഇംഗ്ലണ്ടിനെ 247ന് എറിഞ്ഞിട്ടു
Saturday, August 2, 2025 3:10 AM IST
ലണ്ടന്‍: ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റു നടക്കുന്ന ഓവലിൽ പേസ് മൂഡ്. ഗസ് ആറ്റ്കിൻസണിന്റെയും (5/33) ജോഷ് ടങിന്റെയും (3/57) പേസ് ആക്രമണത്തിൽ ഇന്ത്യൻ ഒന്നാം ഇന്നിംഗ്സ് 69.4 ഓവറിൽ 224 റൺസിനു കടപുഴകി.
എന്നാൽ, പ്രസിദ്ധ് കൃഷ്ണ (4/62), മുഹമ്മദ് സിറാജ് (4/86) എന്നിവരുടെ പേസിലൂടെ ഇന്ത്യയും തിരിച്ചടിച്ചപ്പോൾ ഇംഗ്ലണ്ട് 51.2 ഓവറിൽ 247നു പുറത്ത്. പരിക്കേറ്റ ക്രിസ് വോക്സ് ആബ്സന്റ് ഹർട്ടായതോടെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സിൽ 23 റൺസിന്റെ ലീഡ്.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇന്ത്യ ആദ്യവിക്കറ്റിൽ 46 റണ്‍സ് നേടി. കെ.എൽ. രാഹുലിന്റെ (7) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. 16 ഓവർ പൂർത്തിയായപ്പോൾ യശസ്വി ജയ്സ്വാൾ (45), സായ് സുദർശൻ (11) എന്നിവരുടെ ബലത്തിൽ 64/1 എന്ന നിലയിലാണ് ഇന്ത്യ, 41 റണ്‍സ് ലീഡ്.
സച്ചിനെ കടന്ന് റൂട്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കാര്‍ഡില്‍ ഇന്ത്യയുടെ സച്ചിന് തെണ്ടുല്‍ക്കറിനെ (7216) മറികടന്ന് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (7578) മാത്രമാണ് റൂട്ടിനു മുന്നില്‍ ഇനിയുള്ളത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ 45 പന്തില്‍ 29 റണ്‍സ് നേടിയ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി പുറത്താക്കി. ഓപ്പണര്‍മാരായ സാക് ക്രോളി (64), ബെന്‍ ഡക്കറ്റ് (43) എന്നിവര്‍ 12.5 ഓവറില്‍ 92 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്. ക്യാപ്റ്റന്‍ ഒല്ലി പോപ്പിനും (22) ജേക്കബ് ബെഥേലിനും (6) തിളങ്ങാനായില്ല. ഇരുവരെയും സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 200 വിക്കറ്റും സിറാജ് തികച്ചു.
43-ാം ഓവർ എറിയാനെത്തിയ പ്രിസിദ്ധ് കൃഷ്ണ, ആദ്യ പന്തിൽ ജേമി സ്മിത്തിനെയും (8) അഞ്ചാം പന്തിൽ ജേമി ഓവർട്ടണെയും (0) മടക്കിയതോടെ ഇംഗ്ലണ്ട് 215/7. ചായയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ ഗസ് ആറ്റ്കിൻസണിനെയും (11) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. എന്നാൽ, ഒരറ്റത്ത് പിടിച്ചുനിന്ന ഹാരി ബ്രൂക്ക് (64 പന്തിൽ 53) ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്കെത്തിച്ചു.
കരുണ്‍; 3149 ദിനങ്ങള്‍
ഇംഗ്ലണ്ടിനെതിരേ 2016 ഡിസംബറില്‍ ട്രിപ്പിള്‍ സെഞ്ചുറി (303 നോട്ടൗട്ട്) നേടിയശേഷം, 3149 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ കരുണ്‍ നായര്‍ ഒരു 50+ സ്കോര്‍ നേടുന്നതിനാണ് ഓവല്‍ സാക്ഷ്യംവഹിച്ചത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാംദിനം 52 റണ്‍സുമായി പുറത്താകാതെ നിന്ന കരുണ്‍ നായര്‍, അഞ്ച് റണ്‍സ് കൂടി ചേര്‍ത്തശേഷം പുറത്തായി. 109 പന്തില്‍ എട്ട് ഫോറിന്റെ സഹായത്തോടെ 57 റണ്‍സ് നേടിയ കരുണ്‍ നായറാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.
കരുണ്‍ നായര്‍-വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇവരുടേതാണ്. 55 പന്തില്‍ 26 റണ്‍സ് നേടിയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തായത്.
കരുണ്‍ നായറിനുശേഷം സായ് സുദര്‍ശനും (38) എക്സ്ട്രാസുമാണ് (38) ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്സിലേക്ക് കൂടുതല്‍ സംഭാവന ചെയ്തതെന്നതും ശ്രദ്ധേയം. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്സണ് 21.4 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ആറു വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ, 69.4 ഓവറില്‍ 224നു പുറത്തായി.
ഇന്ത്യ 3393; റിക്കാര്‍ഡ്
ഇംഗ്ലണ്ടിനെതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇതുവരെ ഇന്ത്യ 3393 റണ്‍സ് നേടി. ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിനുശേഷമുള്ള കണക്കാണിത്. ഒരു പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും കൂടുതല്‍ റണ്‍സാണിത്. 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ആറ് മത്സര ടെസ്റ്റ് പരമ്പരയില്‍ 3270 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
വോക്സ് ബോൾ ഇല്ല!
ലണ്ടൻ: ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ അസാന്നിധ്യത്തിൽ ഇന്ത്യക്കെതിരേ നിർണായകമായ അഞ്ചാം ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസർ ക്രിസ് വോക്സിന്റെ പരിക്ക്. ഓവൽ ടെസ്റ്റിന്റെ ആദ്യ ദിനം ഷോൾഡറിനു പരിക്കേറ്റ വോക്സ് ശേഷിക്കുന്ന മത്സരം കളിക്കില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിന്റെ 57-ാം ഓവറിൽ ബൗണ്ടറി തടയാനായി ഡൈവ് ചെയ്താണ് വോക്സിനു പരിക്കേറ്റത്. പരന്പരയിൽ ഇംഗ്ലണ്ട് പേസ് ആക്രമണത്തിൽ വോക്സ് നിർണായക പങ്ക് വഹിച്ച് 11 വിക്കറ്റ് വീഴ്ത്തി. വോക്സിന്റെ അഭാവത്തോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ്, ഒന്‍പതു വിക്കറ്റിലേക്കു ചുരുങ്ങി എന്നതും ശ്രദ്ധേയം.