മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷം
Thursday, August 7, 2025 2:24 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രതിമാസ പ്രീമിയം തുക 750 രൂപയാക്കി ഉയർത്തും. നിലവിൽ 500 രൂപയായിരുന്നു.
പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. നിലവിൽ മൂന്നു ലക്ഷമായിരുന്നു ഇൻഷ്വറൻസ് പരിരക്ഷ. പോളിസി കാലയളവ് നിലവിലുള്ള മൂന്നു വർഷത്തിൽനിന്ന് രണ്ടു വർഷമാക്കി കുറയ്ക്കും. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനയുണ്ടാകും. മെഡിസെപിന്റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി.
41 സ്പെഷാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.മെഡിസെപ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന കാർഡിയാക് റെസിക്രോണിസേഷൻ തെറാപ്പി-ആറു ലക്ഷം, ഐസിഡി ഡ്യുവൽ ചേംബർ- അഞ്ചു ലക്ഷം എന്നിവ അധിക പാക്കേജിൽപെടുത്തും.
കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും. പദ്ധതിയിൽ 10 ഇന ഗുരുതര, അവയവമാറ്റ രോഗചികിത്സാ പാക്കേജുകളുണ്ടാകും. ഇതിന് ഇൻഷ്വറൻസ് കന്പനി രണ്ടു വർഷത്തേക്ക് 40 കോടി രൂപയുടെ കോർപസ് ഫണ്ട് നീക്കിവയ്ക്കണം.
അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷയുടെ ഒരുശത മാനം വരെ മുറിവാടക ലഭിക്കും. പ്രതിദിനം പരമാവധി 5,000 രൂപ. സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിനും മന്ത്രിസഭ തത്വത്തിൽ അനുമതി നൽകി.