കോടാലി ഗവ. എല്‍പി സ്കൂളില്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് ഇളകിവീണു
Thursday, August 7, 2025 2:23 AM IST
മറ്റത്തൂര്‍ (തൃശൂർ): കോടാലി ഗവ. എല്‍പി സ്കൂളില്‍ രണ്ടുവര്‍ഷംമുമ്പ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത ഓഡിറ്റോറിയത്തിനുള്ളിലെ സീലിംഗ് അടര്‍ന്നുവീണു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
രാത്രിയിലായതിനാല്‍ വൻദുരന്തം വഴിമാറി.രണ്ടായിരത്തിലേറെ ചതുരശ്രഅടി വിസ്തൃതിയുളള ഓഡിറ്റോറിയത്തില്‍ ജിപ്സം ബോര്‍ഡുകൊണ്ടു നിര്‍മിച്ച സീലിംഗാണ് പൂര്‍ണമായി നിലംപൊത്തിയത്. ജിപ്സം ബോര്‍ഡിനൊപ്പം സീലിംഗിലെ ഫാനുകളും വീണു. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കസേരകൾ തകര്‍ന്നു.
അധ്യയനദിവസങ്ങളില്‍ ഇതിനുള്ളില്‍ കുട്ടികള്‍ ഉണ്ടാവാറുണ്ട്. മഴയുള്ള സമയങ്ങളില്‍ അസംബ്ലി നടക്കാറുള്ളതും ഇവിടെയാണ്. സ്കൂളിലെ ചടങ്ങുകള്‍ക്കുപുറമെ പഞ്ചായത്തുമായി ബന്ധപ്പെട്ട പരിപാടികളും പൊതുപരിപാടികളും നടക്കാറുള്ളതും ഈ ഓഡിറ്റോറിയത്തിലാണ്.
2017-18ലെ പുതുക്കാട് മണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്നനുവദിച്ച 54 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ഓഡിറ്റോറിയം 2023ലാണ് പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത്. കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല.
ജിഐ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയില്‍ നേരത്തേ ചോര്‍ച്ച ഉണ്ടായിരുന്നതായും അന്നത്തെ പിടിഎയും വിദ്യാലയസൗഹൃദസമിതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് ഇത് പരിഹരിക്കുകയും ചെയ്തിരുന്നതായി പറയുന്നു.