ഡിജിറ്റൽ വിസി നിയമനം കൈപ്പിടിയിലൊതുക്കാൻ സർക്കാർ
Thursday, August 7, 2025 2:24 AM IST
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനം കൈപ്പിടിയിലൊതുക്കാൻ സർക്കാർ.
സ്ഥിരം വൈസ് ചാൻസലർ നിയമനത്തിലേക്ക് ചാൻസലർ കൂടിയായ ഗവർണർ കടക്കുന്ന മുറയ്ക്കാണ് വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ അഴിച്ചു പണി നടത്താൻ കരട് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം ഗവർണറോടു ശിപാർശ ചെയ്തത്. ഗവർണർ അംഗീകരിച്ചാൽ മാത്രമേ ഡിജിറ്റൽ വിസി നിയമനത്തിലെ മാറ്റമടങ്ങിയ ഓർഡിനൻസ് പ്രാബല്യത്തിൽ വരികയുള്ളു.
യുജിസി ചട്ടങ്ങൾക്കും സമീപകാല കോടതി വിധികൾക്കും അനുസൃതമായാണ് ഭേദഗതിയെന്നാണു സർക്കാർ വിശദീകരണം.
സർവകലാശാലാ നിയമത്തിലെ 11-ാം വകുപ്പിന്റെ (3), (4), (6) ഉപവകുപ്പുകളിലാണ് ഭേദഗതി. മൂന്നാം ഉപവകുപ്പിലാണ് വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ ഘടന നിർദേശിക്കുന്നത്.
നിലവിൽ ചീഫ് സെക്രട്ടറി കണ്‍വീനറായുള്ള അഞ്ചംഗ സേർച് കമ്മിറ്റിയാണ് സർവകലാശാല നിയമത്തിലുള്ളത്. ഇതിനു പകരമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി കണ്‍വീനറായ അഞ്ചംഗ സേർച്ച് കമ്മിറ്റിയാണ് ഭേദഗതിയിലൂടെ നിർദേശിച്ചിരിക്കുന്നത്.
പുറമെ ചാൻസലറുടെ പ്രതിനിധി, യുജിസി പ്രതിനിധി, സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവർ അടങ്ങിയതാണ് സേർച്ച് കമ്മിറ്റി.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിന് നടപടി തുടങ്ങാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. സർക്കാരുമായോ സർവകലാശാലയുമായോ നേരിട്ടു ബന്ധമുള്ളവർ സേർച്ച് കമ്മിറ്റികളിൽ പാടില്ലെന്ന് വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.