വീട്ടിൽ കയറിയ പുലിയെ കാടുകയറ്റാൻ കൂട്
Wednesday, August 6, 2025 1:38 AM IST
കലഞ്ഞൂർ (പത്തനംതിട്ട): പൂമരുതിക്കുഴിയിൽ വളർത്തുനായയെ പിന്തുടർന്നു പുലി വീടിനുള്ളിലേക്ക് ഓടിക്കയറിയ സംഭവത്തെത്തുടർന്നു വനം വകുപ്പ് പ്രദേശത്തു കൂട് സ്ഥാപിച്ചു.
പ്രത്യേകം തയാറാക്കിയ കൂട്ടിൽ ആടിനെ കെട്ടിയിട്ടാണ് കെണി ഒരുക്കിയിരിക്കുന്നത്. ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടുവച്ചത്.
പൂമരുതിക്കുഴി പൊന്മേലിൽ വീട്ടിൽ രേഷ്മയുടെ വീട്ടിലേക്കാണ് തിങ്കളാഴ്ച വളർത്തു നായയെ പിൻതുടർന്ന് എത്തിയ പുലി ഓടിക്കയറിയത്.
നായ ഭയന്ന് മുറിക്കുള്ളിലേക്കു കയറിയതിനു പിന്നാലെ രേഷ്മ വീടിന്റെ കതക് അടച്ചതിനാൽ രേഷ്മയും കുഞ്ഞും പുലിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. കൂടൽ ഇഞ്ചപ്പാറയിൽ തിങ്കളാഴ്ച പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.