നായ്ക്കളെ കുഴിച്ചുമൂടിയെന്നു കേസ്; പരാതി വ്യാജമെന്ന് മൂന്നാർ പഞ്ചായത്ത്
Tuesday, August 5, 2025 2:36 AM IST
മൂന്നാർ: തെരുവു നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതി വ്യാജമെന്നു മൂന്നാർ പഞ്ചായത്ത് അധികൃതർ. നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇടുക്കി ആനിമൽ റെസ്ക്യൂ ടീം ആണ് പരാതി നൽകിയത്.
പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരേയാണ് കേസ് എടുത്തത്. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ചു കുഴിച്ചുമൂടിയെന്നാണ് പരാതി. നായ്ക്കളെ ഷെൽട്ടർ ഹോമിലേക്കു മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് കൊന്നതായി അറിഞ്ഞതെന്നു പരാതിയിൽ പറയുന്നു.
തുടർന്നാണ് തൊടുപുഴ ആനിമൽ റെസ്ക്യു ടീം അംഗങ്ങളായ എം.എ. കീർത്തിദാസ്, എം.ബി. ഓമന എന്നിവർ പരാതി നൽകിയത്. കേസിന്റെ പേരിൽ ഒരു വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, പരാതി തീർത്തും വ്യാജമാണെന്നും നായ്ക്കളെ പ്രതിരോധ കുത്തിവയ്പ് നടത്താനാണ് കൊണ്ടുപോയതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.