സിനിമാ കോൺക്ലേവിൽ വിവാദ കൊടിയേറ്റം
Monday, August 4, 2025 4:39 AM IST
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്ന് അടൂര്‍ പറഞ്ഞു. ചലച്ചിത്ര കോര്പറേഷന് വെറുതെ പണം നല്‍കരുത്.
സിനിമാ നിര്‍മാണത്തിനായി ഇവര്‍ക്കു ഒന്നരക്കോടി നല്‍കുന്നത് വളരെ കൂടുതലാണ്. 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് വിമര്‍ശിച്ചു. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങള്‍ ചുമതലയേല്‍ക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നും അല്ലാതാക്കി. ടെലിവിഷന്‍ മേഖല നശിച്ച അവസ്ഥയിലാണ്.
കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന് വിമര്‍ശിച്ചു. ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവരെയും അടൂര്‍ പ്രസംഗത്തില്‍ അധിക്ഷേപിച്ചു. സെക്സ് സീന്‍ കാണാന്‍ വേണ്ടി മാത്രം തീയറ്ററിലേക്ക് ഇടച്ചു കയറിയെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസിലും നിന്ന് ഉയര്‍ന്നത്. സംവിധായകന് ഡോ. ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസിലുള്ളവര്‍ മറുപടി നല്കി. ഗായിക പുഷ്പലത അടൂരിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നു പുഷ്പലത പ്രതികരിച്ചു. പിന്നാലെ പ്രസംഗിക്കാന്‍ വന്ന ശ്രീകുമാരന്‍ തമ്പി താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്നും പ്രതികരിച്ചു.
മറുപടിയുമായി മന്ത്രി
തിരുവനന്തപുരം: സംവിധായകന് അടൂര്‍ ഗോപാകൃഷ്ണനു മറുപടിയുമായി മന്ത്രി സജി ചെറിയാന്. അടൂര്‍ സാറിനോട് ബഹുമാനമുണ്ടെന്നും എന്നാല്‍ ഒന്നരക്കോടി രൂപയില്‍ ഇപ്പോള്‍ സിനിമയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി പ്രതികരിച്ചു. പട്ടിക ജാതി - പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് സിനിമയുടെ മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ല.
98 വര്‍ഷമായി, ഇത് വസ്തുതയാണ്. അത് പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ എടുത്ത ഒരു തീരുമാനമാണ് ഒന്നരക്കോടി രൂപ വീതം നല്കി സിനിമ എടുക്കാന്‍ അവസരം നല്‍കുക എന്നത്. ഇതിനു പുറമേ സ്ത്രീകള്‍ക്കും ഈ മേഖലയിലേക്കു കടന്നുവരാന്‍ ഒന്നരക്കോടി രൂപ വീതം നല്‍കുന്നുണ്ട്. വനിതകള്‍, പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് എന്നിവര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.