പ്രിയപ്പെട്ട അധ്യാപകന് സ്നേഹപൂർവം
Sunday, August 3, 2025 2:24 AM IST
പ്രഫ. എം. തോമസ് മാത്യു
അധ്യാപകർ മൂന്നു തരത്തിലുണ്ട്. ശിഷ്യഗണങ്ങളുടെ ജ്ഞാനതൃഷ്ണ ശമിച്ചുകൊടുക്കുന്നവരാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെ കൂട്ടർ നന്നായി ഒരുങ്ങി പാഠങ്ങൾ പഠിപ്പിക്കും. പാഠഭാഗങ്ങളെക്കുറിച്ച് ഒരു സംശയവും വരാതിരിക്കാൻ അവർ ശ്രദ്ധിക്കും.
മൂന്നാമതൊരു വിഭാഗമുണ്ട്. ആത്മാവിഷ്കാരമായി അധ്യാപനത്തെ കാണുന്നവരാണ് അവർ. പാഠ്യപദ്ധതികളുടെ സീമകളിൽ ഒതുങ്ങിനിൽക്കാൻ അവർ കൂട്ടാക്കുകയില്ല. അന്വേഷണത്തിന്റെ വേദനയും ലഹരിയും അനുഭവിച്ചുകൊണ്ട് അവർ ആശയങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്തിൽ സഞ്ചരിക്കുന്നു. അവർ എന്നും വിദ്യാർഥികൾ കൂടിയായിരിക്കും.
പ്രഫ. എം.കെ. സാനു എന്ന എന്റെ പ്രിയപ്പെട്ട സാനുമാസ്റ്റർ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന ഗുരുനാഥനാണ്. ഉപഭാഷ എന്ന നിലയിലാണെങ്കിലും ഐഛിക വിഷയം എന്ന നിലയിലായാലും മലയാളം പഠിപ്പിക്കുന്ന അധ്യാപകരുടെ മുന്പിലുള്ള സാധ്യതകൾ വളരെ വിപുലമാണ്. കാരണം സാഹിത്യത്തിന്റെ പ്രമേയം മനുഷ്യജീവിതമാണ്. അതുകൊണ്ടു സാഹിത്യം പഠിക്കാനും പഠിപ്പിക്കാനും ഒരുങ്ങുന്പോൾ പഠനമേഖല അന്തമില്ലാതെ പരന്നുകിടക്കുന്നുവെന്നും ആ വിസ്തൃതിയിൽ മേഞ്ഞുനടക്കാൻ സ്വായത്തമാക്കേണ്ട ജ്ഞാനമേഖലകൾ അനന്തമാണെന്നും ആദ്യമേ അറിയേണ്ടതുണ്ട്.
ബർട്രന്റ് റസൽ, ആൽഡസ് ഹക്സിലി, സി.ഇ.എം. ജോഡ്, എം.എൻ. റോയ് തുടങ്ങിയ ചിന്തകരുടെ വിചാരലോകത്തെ ക്ലാസ് മുറിയിലേക്ക് ആനയിക്കാൻ സാനുമാസ്റ്റർ എന്നും സന്നദ്ധനായിരുന്നു. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ ഉദാത്തസൗഭാഗ്യത്തിൽ ആനന്ദം കൊള്ളാൻ ഞങ്ങൾ ശീലിച്ചത് മറ്റൊരിടത്തും നിന്നായിരുന്നില്ല.
സാനുമാഷിന്റെ ആദ്യകാല ഗുരുക്കന്മാരിൽ ഒരാളായിരുന്നു താണു അയ്യർ. അദ്ദേഹം തന്റെ വത്സല ശിഷ്യനു സമ്മാനിച്ചത് സി.ഇ.എം. ജോഡിന്റെ ഗൈഡ് ടു മോഡേൺ തോട്ട് എന്ന ഗ്രന്ഥമായിരുന്നു. ശിഷ്യന്റെ മനസിന്റെ വ്യാപാരം എങ്ങനെയെന്ന് അറിഞ്ഞ ഗുരുവിന്റെ ആശിസും അനുഗ്രഹവുമായിരുന്നു അത്. താണു അയ്യർ കൈയൊപ്പു പതിപ്പിച്ച ആ പുസ്തകം പിൽക്കാലത്ത് എനിക്കു തരുന്പോൾ സാനുമാസ്റ്ററുടെ മനസിലുണ്ടായിരുന്നത് വ്യവഛേദിക്കാൻ ഞാനാളല്ല.
എറണാകുളത്തെ വഴികളിലൂടെ എത്രയോ സായാഹ്നങ്ങൾ സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വർത്തമാനം പറഞ്ഞ് മാസ്റ്ററോടൊപ്പം ഞാൻ നടന്നു... എത്രയോ ഇടങ്ങളിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു... ഈ ഗുരുവിനോടു ചേർന്നു നടക്കാനായത് എത്രയോ സൗഭാഗ്യം.