ഇഎംഎസ് നിര്‍ബന്ധിച്ചു; യുഡിഎഫ് കോട്ട തകര്‍ത്തു
Sunday, August 3, 2025 2:24 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: രാഷ്ട്രീയത്തോടു തീരെ താത്പര്യമില്ലാതിരുന്ന പ്രഫ. എം.കെ. സാനു യുഡിഎഫ് കോട്ട തകര്‍ത്തു നിയമസഭയിലെത്തിയതിനു പിന്നിലെ കാരണക്കാരന്‍ ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു.
സുഹൃത്ത് അഡ്വ. എം.എം. ചെറിയാന്റെ വീട്ടില്‍വച്ച് ഇഎംഎസാണ് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയാകണമെന്ന് സാനുമാഷിനോട് അഭ്യര്‍ഥിച്ചത്. 1987ല്‍ കാലാവധി അവസാനിച്ച സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ച് അന്ന് അദ്ദേഹത്തിനു വ്യക്തിപരമായ പല എതിരഭിപ്രായങ്ങളുമുണ്ടായിരുന്നു.
“എറണാകുളം നിയമസഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കണം. കോണ്‍ഗ്രസിനു സ്വാധീനമുള്ള മണ്ഡലമാണ്. ഞങ്ങള്‍ തോല്ക്കണമെന്നു മാഷ് എന്തായാലും ആഗ്രഹിക്കുന്നില്ലല്ലോ? അതിനാല്‍ പരമാവധി സഹായിക്കണം’’ ഇഎംഎസ് പറഞ്ഞു. മലയാറ്റൂര്‍ രാമകൃഷ്ണന്, ടി.കെ. രാമകൃഷ്ണന്, കെ.എന്‍. രവീന്ദ്രനാഥ്, തോപ്പില്‍ ഭാസി, എം.എം. ലോറന്‍സ് തുടങ്ങിയവരും നിര്‍ബന്ധിച്ചു. അതുകേട്ട് അടുത്ത സുഹൃത്തായ ഡോ. ഗോപാലകൃഷ്ണനോട് ആലോചിച്ചു പറയാമെന്നു പറഞ്ഞ് അന്ന് മാഷ് മടങ്ങി. മത്സരിക്കേണ്ടെന്നായിരുന്നു ആത്മസുഹൃത്തിന്റെ മറുപടി. താന്‍ മത്സരത്തിനില്ലെന്ന് സാനുമാഷും തീരുമാനിച്ചു.
കോഴിക്കോട്ട് ഒരു പ്രസംഗത്തിനു പോയി തിരിച്ചെത്തിയ സാനുമാഷ് നഗരത്തില്‍ പലയിടത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചുവരുകളില്‍ തന്റെ പേരെഴുതി പ്രചാരണം തുടങ്ങിയ കാഴ്ചയാണു കണ്ടത്. ഇനി മാഷ് പിന്മാറരുതെന്ന് എം.എം. ലോറന്‍സും പറഞ്ഞു. അങ്ങനെ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായിരുന്ന സാനു മാഷ് അർധമനസോടെ മത്സരരംഗത്തേക്കിറങ്ങി.
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അവിടെ എ.എല്‍. ജേക്കബായിരുന്നു എതിര്‍സ്ഥാനാര്‍ഥി. മഹാരാജാസ് കോളജില്‍ കാലാകാലങ്ങളായി പഠിച്ച അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ തങ്ങളുടെ പ്രിയ ഗുരുനാഥനുവേണ്ടി എറണാകുളം നഗരത്തില്‍ പ്രചാരണത്തിനിറങ്ങി.
സര്‍വകലാശാല പ്രതിഭകളായ കലാപ്രതിഭകള്‍ യുവജനോത്സവത്തിനു സമാനമായി ഗുരുവിനുവേണ്ടി വോട്ട് ചോദിച്ച് എറണാകുളം അസംബ്ലി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍പ്പെട്ട വൈപ്പിന്‍ ദ്വീപിലേക്കുവരെ എത്തി.
എറണാകുളം പി.ടി. ഉഷ റോഡില്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് ഓഫീസിനുമുകളില്‍ വലിയൊരു മുറിയെടുത്താണ് വിദ്യാര്‍ഥിസമൂഹം മാഷിനായി നാടിനെ ഇളക്കിമറിച്ച പ്രചാരണത്തിനിറങ്ങിയത്. ഫലം വന്നപ്പോൾ കേരളത്തിലെ പ്രഗത്ഭനായ സാഹിത്യനായകന് നിയമസഭയിലെത്തിയതു ചരിത്രം.