കാണാതായ വീട്ടമ്മയും വളര്‍ത്തു പശുവും മരിച്ച നിലയില്‍
Sunday, August 3, 2025 2:23 AM IST
കുറ്റ്യാടി (കോഴിക്കോട്): കാണാതായ വീട്ടമ്മയെയും വളര്‍ത്തു പശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോങ്ങോട് ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബി (40) ആണ് മരിച്ചത്. മരണകാരണം ഷോക്കേറ്റാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വൈദ്യുതാഘാതം സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
പരിസരത്ത് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. കെക്കോ മരത്തില്‍ വൈദ്യുതി കമ്പി കുടുക്കാന്‍ ശ്രമിച്ചതിന്റെ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹം കടന്നുപോകുന്നതിനു 15 മീറ്റര്‍ അകലെകൂടി വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ബോബിയെ കാണാതായത്. കോങ്ങോട് മലയിലെ വനാതിര്‍ത്തിയിലെ പറമ്പുകളില്‍ മേയാന്‍വിട്ട പശുവിനെ തേടി പോയതായിരുന്നു അവര്‍. തിരിച്ചെത്തതാത്തതിനെത്തുടര്ന്നാണ് തെരച്ചില്‍ തുടങ്ങിയത്.
അമ്മയെ കാണാനില്ലെന്ന് സ്കൂള്‍ വിദ്യാര്‍ഥികളായ മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസും വനംവകുപ്പും ഫയര്‍ഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും രാത്രി പന്ത്രണ്ട് മണി വരെ തിരച്ചില്‍ നടത്തി.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് പശുവിന്റെ ജഡവും കണ്ടെത്തി. ബോബിയുടെ മൃതദേഹം പശുക്കടവ് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. മക്കള്‍: ഷിജിന, ഷിബിന്‍, എയ്ജല്‍.