വിമര്‍ശനസാഹിത്യത്തിലെ ധിഷണാശാലി
Sunday, August 3, 2025 2:24 AM IST
കൊച്ചി: കാവ്യഭാഷയില്‍ ശക്തമായ വിമര്‍ശനത്തിലൂടെ മലയാളസാഹിത്യ നിരൂപണത്തില്‍ തന്റേതായ വഴി തെളിച്ചിട്ട ധിഷണാശാലിയായ സാഹിത്യകാരനായിരുന്നു എം.കെ. സാനു.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം എന്നുവേണ്ട സാഹിത്യത്തിലെ ഏറെക്കുറെ എല്ലാ മേഖലകളിലും മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മലയാളഭാഷയിലെ മികച്ച ജീവചരിത്ര കൃതികളെല്ലാം എം.കെ. സാനുവിന്റെ നിരീക്ഷണത്തില്‍നിന്നു സംഭാവന ചെയ്യപ്പെട്ടതാണ്.
ശ്രീനാരായണ ഗുരു, സഹോദരന് അയ്യപ്പന്, പി.കെ. ബാലകൃഷ്ണന് എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴയെക്കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’, ബഷീറിനെപ്പറ്റി ‘ഏകാന്തവീഥിയിലെ അവധൂതന്’, പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അനന്യമായ സംഭാവനകള്‍ അദ്ദേഹം നല്കി.
‘അശാന്തിയില്‍നിന്നു ശാന്തിയിലേക്ക്: ആശാന് പഠനത്തിന് ഒരു മുഖവുര’ എന്ന പേരില്‍ ആശാന് കവിതയെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട്. പ്രഭാതദര്‍ശനം, ഇവര്‍ ലോകത്തെ സ്നേഹിച്ചവര്‍, എം.ഗോവിന്ദന്, മൃത്യുഞ്ജയം കാവ്യജീവിതം, കുമാരനാശാന്റെ നളിനി; വിശുദ്ധാനുരാഗത്തില്‍ തെളിയുന്ന ദിവ്യദീപ്തി, മോഹന്‍ലാല്‍-അഭിനയ കലയിലെ ഇതിഹാസം, നാരായണ ഗുരുസ്വാമി, അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.
കര്‍മഗതി എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. കുങ്കുമം വാരികയുടെ മുഖ്യപത്രാധിപരായും വയലാര്‍ അവാര്‍ഡ് മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷനായും സേവനമനുഷ്ഠിച്ചിരുന്നു.