ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ജീവിതം: മുഖ്യമന്ത്രി
Sunday, August 3, 2025 2:24 AM IST
കേരളത്തിന്റെ സാംസ്കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന എം.കെ. സാനു വിടവാങ്ങിയിരിക്കുകയാണ്.
വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സന്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നൽകിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർഥനായ സാമൂഹ്യ സേവകൻ, നിസ്വപക്ഷമുള്ള എഴുത്തുകാരൻ, സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങൾ ധാരാളമുണ്ട്.
ജീവചരിത്രകാരൻ എന്ന നിലയിൽ ശ്രദ്ധേയരായ നിരവധി വ്യക്തികളെ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണഗുരു, കുമാരനാശാൻ, ചങ്ങന്പുഴ, എം. ഗോവിന്ദൻ തുടങ്ങി കേസരി ബാലകൃഷ്ണപിള്ള വരെ എത്തിനിൽക്കുന്നു ആ ജീവചരിത്ര ശേഖരം. അവയെല്ലാം കേവലമായ ജീവചരിത്രഗ്രന്ഥങ്ങൾ മാത്രമല്ല, സാമൂഹിക സാഹിത്യ രാഷ്ട്രീയ മേഖലകളിലെ പാഠപുസ്തകങ്ങൾ കൂടിയാണ്.
ശ്രീനാരായണഗുരുവിന്റെ ദർശനം ആഴത്തിൽ പഠിക്കാനും ഉൾക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീനാരായണദർശനത്തിന് സമൂഹത്തെ സമത്വത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ദർശനത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കരുതി.
ശ്രീനാരായണ ദർശനങ്ങളെ നവകേരള സൃഷ്ടിയോട് ബന്ധിപ്പിച്ചു കണ്ണി കൂടിയാണ് സാനു മാഷിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേർക്കാനും കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു സാനുമാഷ്- മുഖ്യമന്ത്രി പറഞ്ഞു.