വയനാട് ദുരന്തം: 42 വിദ്യാർഥികളുടെ പഠനച്ചെലവ് തുക സിബിഎസ്ഇ കൈമാറി
Sunday, August 3, 2025 2:23 AM IST
കൊച്ചി: ദുരന്തമുഖങ്ങളില്‍ സഹായഹസ്തവുമായി മറ്റെല്ലാം മറന്ന് കൈകോര്‍ക്കുന്നതാണ് കേരളത്തിന്റെ യഥാര്‍ഥ സ്പിരിറ്റെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലും എറണാകുളം ജില്ലാ കളക്ടറുമായ എന്‍.എസ്.കെ. ഉമേഷ്. 2018 ലും 2019ല്‍ വയനാട് പുത്തുമല മുതല്‍ ചൂരല്‍മല ദുരന്തം വരെയും അക്കാര്യം താന്‍ നേരിട്ടറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ ചൂരല്‍മലയിലെ 42 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് കേരള (സിസിഎസ്കെ) കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേപ്പാടി മൗണ്ട് താബോര്‍ ഇംഗ്ലീഷ് സ്കൂളിലെ ചൂരല്‍മല സ്വദേശികളായ വിദ്യാര്‍ഥികളുടെ പഠനസഹായത്തിനുള്ള പത്തു ലക്ഷം രൂപയുടെ ചെക്ക് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സലോമിക്ക് കളക്ടര്‍ കൈമാറി. ചടങ്ങില്‍ സിസിഎസ്കെ പ്രസിഡന്റ് ഇ. രാമന്‍കുട്ടി വാര്യര്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്, സിസിഎസ്കെ നോര്‍ത്ത് സോണ്‍ പ്രസിഡന്റ ഫാ. ജോണി കാഞ്ഞിരത്തിങ്കല്‍, ജനറല്‍ സെക്രട്ടറി സുചിത്ര ഷൈജിന്ത്, ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 44 വിദ്യാര്‍ഥികളാണ് മേപ്പാടി മൗണ്ട് ടാബോര്‍ സ്കൂളില്‍ പഠിച്ചിരുന്നത്. രണ്ടുപേര്‍ ദുരന്തത്തില്‍ മരിച്ചു. പഠനം അനിശ്ചിതത്വത്തിലായ 42 വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനച്ചെലവുമാണ് കൗണ്‍സില്‍ ഏറ്റെടുത്തത്. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു വീടുകളും സിസിഎസ്കെ നിര്‍മിച്ചുനല്‍കുമെന്ന് ഡോ. ഇന്ദിര രാജന് പറഞ്ഞു.