ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുന്നു: പാണക്കാട് തങ്ങൾ
Sunday, August 3, 2025 2:24 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുക എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും നീതിനിഷേധം പൂർണമായി അവസാനിക്കും വരെ ഒറ്റക്കെട്ടായ സമരവുമായി മുന്നോട്ടുപോകണമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
ഛത്തീസ്ഗഡ്, ആസാം എന്നിവിടങ്ങളിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരേ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജാമ്യം അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ സമയമായില്ല.
ഇതു ബഹുസ്വരതയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. കന്യാസ്ത്രീകൾക്കെതിരേ നടത്തിയ നീക്കം ഭരണഘടനയ്ക്കെതിരേയുള്ള നീക്കമാണ്. ഭരണഘടനയും ബഹുസ്വരതയും അംഗീകരിക്കാൻ കഴിയാത്തവരാണ് ഈ ശ്രമങ്ങൾക്കു പിന്നിൽ. സന്യസ്തവേഷം ധരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സഞ്ചരിക്കാൻ കഴിയില്ല.
ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഇത്തരം വേഷമിട്ടിറങ്ങിയാൽ ബജ്റംഗ്ദൾ പോലുള്ള സംഘടനകൾ ജനകീയ വിചാരണ നടത്തും. മതേതര പാർട്ടികൾ ഒരുമിച്ചു ശബ്ദിച്ചപ്പോഴാണ് ജാമ്യത്തിനു സമ്മർദമുണ്ടായതും ജാമ്യം ലഭിച്ചതുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.