മന്ത്രിമാരുമായി കൂടിക്കാഴ്ച അനുവദിച്ച് ഗവർണർ; വിസി നിയമനം റദ്ദാക്കണമെന്ന ആവശ്യം തള്ളി
Sunday, August 3, 2025 2:23 AM IST
തിരുവനന്തപുരം: സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനത്തിനായി മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച് ഗവർണർ.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും നിയമമന്ത്രി പി. രാജീവിനും ഗവർണറെ കണ്ടു ചർച്ച നടത്താൻ ഇന്നു സമയം അനുവദിച്ചു. മന്ത്രിമാർക്കൊപ്പം ചിലപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ഗവർണർ ആർ.വി. അർലേക്കറുമായി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന.
സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ടു മന്ത്രിമാരായ പി. രാജീവിനും ആർ. ബിന്ദുവിനും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഗവർണർക്കു കത്ത് നൽകിയിരുന്നു. ഇതിനുള്ള ഗവർണറുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, താത്കാലിക വിസി നിയമനങ്ങൾ റദ്ദാക്കണമെന്നും സർക്കാരിന്റെ പാനലിൽ നിന്ന് നിയമിക്കണമെന്നും അഭ്യർഥിച്ചു കത്ത് നൽകിയ ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഷർമിള മേരി ജോസഫിനെ ഗവർണർ ഇന്നലെ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്കു സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ഷർമിള മേരി ജോസഫ് രാജ്ഭവനിൽ എത്തിയില്ല.
അതേസമയം, ഡിജിറ്റൽ സർവകലാശാലാ താത്കാലിക വിസിയായി ഡോ. സിസ തോമസിനെയും സാങ്കേതിക സർവകലാശാലയിൽ ഡോ. കെ. ശിവപ്രസാദിനേയും വീണ്ടും നിയമിച്ച തീരുമാനം റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ഗവർണർ തള്ളി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്നും ഇത് പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രിക്കു നൽകിയ മറുപടിയിൽ ഗവർണർ ചൂണ്ടിക്കാട്ടി.
സർക്കാർ നൽകിയ പട്ടികയ്ക്കു പുറത്തുള്ള വിസി നിയമനം സുപ്രീംകോടതി വിധിക്കു വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ കത്തിനുള്ള മറുപടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 13ന് കേസ് വീണ്ടും പരിഗണിക്കുന്പോൾ ഇവരെ വീണ്ടും നിയമിച്ചതായി ഗവർണർ സുപ്രീംകോടതിയെ അറിയിക്കും. താത്കാലിക വിസി നിയമനത്തിലെ സർക്കാർ നിലപാടും അന്ന് സുപ്രീംകോടതിയെ അറിയിക്കും.