ഉന്നതവിദ്യാഭ്യാസമേഖല അടിമുടി അഴിച്ചുപണിയണം: യുഡിഎഫ് കോണ്‍ക്ലേവ്
Sunday, August 3, 2025 2:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖല അടിമുടി അഴിച്ചു പണിയണമെന്നു യുഡിഎഫ് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിൽ വിദഗ്ധർ. സർവകലാശാല നിയമങ്ങളും ഭരണസംവിധാനവും അക്കാദമിക് സൗകര്യങ്ങൾക്കായി ഉടച്ചുവാർക്കണമെന്നും കോണ്‍ക്ലേവിൽ അഭിപ്രായമുയർന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണ ചർച്ചകൾക്കാണ് ഇതോടെ തുടക്കമായത്. സർവകലാശാലകളിലെ ഭരണത്തകർച്ച, വിദ്യാർഥികളുടെ വിദേശകുടിയേറ്റം, പാഠ്യപദ്ധതി പരിഷ്കാരം, രാഷ്ട്രീയവത്കരണം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായങ്ങൾ ഏകദിന വിദ്യാഭ്യാസ കോണ്‍ക്ലേവിൽ മുൻ വൈസ് ചാൻസലർമാർ അടക്കമുള്ള വിദ്യാഭ്യാസ വിദഗ്ധർ പങ്കുവച്ചു.
കോണ്‍ക്ലേവിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2026ലേക്ക് പുതിയ കർമപരിപാടി തയാറാക്കും. അക്കാദമിക് രംഗത്തെ പരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം പകരം സംവിധാനങ്ങളും തയാറാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിസാര കാരണങ്ങളുടെ പേരിലുള്ള പോർവിളി അവസാനിക്കണം. നമ്മുടെ ഭാവി തലമുറയാണ് ഇവിടെ നിന്ന് വിദേശത്തേക്കും മറ്റും പോകുന്നതെന്ന് തിരിച്ചറിയണം. തൊഴിൽമേഖലയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് പാഠ്യപദ്ധതി മാറ്റാനും കുട്ടികളുടെ നൈപുണ്യം വർധിപ്പിക്കാനുമാകണമെന്നും അദ്ദേഹം പറഞ്ഞു.
10 വർഷത്തെ ഭരണം കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗം ഏറെ പിന്നിൽ പോയെന്നും പകരം അജൻഡ യുഡിഎഫ് നടപ്പാക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളിൽ പിഎച്ച്ഡി നേടുന്നതിനായുള്ള ഗവേഷണം മാത്രമാണ് നടക്കുന്നതെന്നും കാര്യമായ കണ്ടെത്തലുകൾ ഒന്നും ഉണ്ടാകുന്നില്ലെന്നും കോണ്‍ക്ലേവിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.