തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണം: മാർ താഴത്ത്
Sunday, August 3, 2025 2:26 AM IST
തൃശൂർ: ഛത്തീസ്ഗഡിൽ കണ്ടതുപോലെ ആൾക്കൂട്ടവിചാരണയും അക്രമവുംപോലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്നു സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീമാർക്കു ജാമ്യംകിട്ടിയശേഷം തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാർ താഴത്ത്.
തെറ്റായ കാരണങ്ങളാൽ നിരപരാധികളായ രണ്ടു സിസ്റ്റർമാരെ അറസ്റ്റ് ചെയ്ത കേസ് തുടരുന്നതിനാൽ അത് എത്രയുംവേഗം റദ്ദാക്കാൻ നടപടികളെടുക്കണം. ഇപ്രകാരമുള്ള കള്ളക്കേസുകൾ ഉണ്ടാകാതിരിക്കാനും നടപടികളുണ്ടാവണം. ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ ഏതാനും വർഷങ്ങളായി അക്രമങ്ങൾ വർധിച്ചുവരികയാണ്.
ഈ സാഹചര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പാക്കണം. ഇന്നു ക്രൈസ്തവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരായുള്ള പലവിധത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ സംവിധാനങ്ങളുണ്ടാകണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിൽ പ്രായപൂർത്തിയായ, ക്രൈസ്തവരായ മൂന്നു യുവതികളെ അവരുടെ തീരുമാനത്തോടെയും മാതാപിതാക്കളുടെ അനുവാദത്തോടെയും ജോലിസ്ഥലമായ ആഗ്രയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന, അതിനുമുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത നിരപരാധികളായ സിസ്റ്റർമാരെയാണ് മനുഷ്യക്കടത്തെന്നും മതപരിവർത്തനമെന്നും പറഞ്ഞ് അറസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണം.
ജാമ്യം ലഭ്യമാക്കി ജയിലിൽനിന്നു രണ്ടു കന്യാസ്ത്രീമാരെയും പുറത്തിറക്കാൻ സഹായിച്ച സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെയും, ജാതി മത കക്ഷിഭേദമെന്യേ എല്ലാവർക്കും നന്ദിപറഞ്ഞ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പ്രത്യേകം നന്ദി പറഞ്ഞു.