കലാഭവൻ നവാസിന് കണ്ണീരോടെ വിട
Sunday, August 3, 2025 2:23 AM IST
ആലുവ: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന് കണ്ണീരോടെ വിട. ആലുവ നാലാംമൈലിലെ വീട്ടിലും തുടർന്ന് ടൗൺ സെൻട്രൽ ജുമാ മസ്ജിദിലും നടന്ന പൊതുദർശനത്തിൽ സിനിമാമേഖലയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. തുടർന്ന് വൈകുന്നേരം ആറോടെ ടൗൺ സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കി.
കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം നാലാംമൈലിലെ വീട്ടിൽ നവാസിന്റെ മൃതദേഹം എത്തിച്ചപ്പോൾ ഭാര്യ രഹ്നയ്ക്കും മൂന്നു മക്കൾക്കും കരച്ചിൽ അടക്കാനായില്ല. കരഞ്ഞുതളർന്ന് മൃതദേഹത്തിനരകിൽ ഇരുന്ന ഇവർ അവസാനമായി നവാസിനെ കാണാനെത്തിയവരുടെ കണ്ണ് നനയിച്ചു.
ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ കലാകാരന് അനുശോചനം രേഖപ്പെടുത്തി. മന്ത്രി പി. രാജീവ്, ഉമാ തോമസ് എംഎൽഎ, സംവിധായകൻ നാദിർഷ, താരങ്ങളായ ജയസൂര്യ, ശ്വേത മേനോൻ, സായികുമാർ, ബിന്ദു പണിക്കർ, കോട്ടയം നസീർ, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നിരവധി പേർ നാലാംമൈലിലെ വീട്ടിലും പൊതുദർശനം നടന്ന ജുമാ മസ്ജിദിലും ആദരാഞ്ജലികൾ അർപ്പിച്ചു. ആലുവ ടൗൺ ജുമാ മസ്ജിദിൽ വൈകുന്നേരം നാലു മുതൽ 5.30 വരെ പൊതുദർശനത്തിനു വച്ചശേഷമാണ് കബറടക്കം നടന്നത്.
ഹൃദയാഘാതമാണു മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണു നവാസിന് ഹൃദയാഘാതമുണ്ടായതെന്നും ഇതിനു മുമ്പും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണങ്ങളുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ടല്‍ മുറിക്കു പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാകും കുഴഞ്ഞുവീണതെന്നാണു നിഗമനം. വീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണു കലാഭവൻ നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.